സുനന്ദ പുഷ്കറിനെ കൊന്നത് ശശി തരൂര്‍ അല്ലെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി. എന്നാല്‍ സുനന്ദയുടെ കൊലയാളി ആരെന്ന് തരൂരിന് അറിയാമെന്നും സ്വാമി പറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സ്വാമി ഇങ്ങനെ പറഞ്ഞത്.
ഡല്‍ഹി പൊലീസ് കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെന്നും സ്വാമി പറഞ്ഞു. കൊലപാതകികളെക്കുറിച്ച് അറിയാവുന്ന തരൂര്‍ കൊലപാതകത്തെ മറയ്ക്കാന്‍ ശ്രമിച്ചെന്നും സ്വാമി കുറ്റപ്പെടുത്തി.
അതേസമയം, സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് സുനന്ദയുടെ മകന്‍ ശിവ് മേനോനെ ചോദ്യം ചെയ്യും. കേസില്‍ ശശി തരൂരിന്റെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ കേസില്‍ കാറ്റിയെന്ന മറ്റൊരു യുവതിയും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .
നേരത്തെ ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുനന്ദ പുറത്തുപറയാന്‍ ആഗ്രഹിച്ചിരുന്നതായി സുനന്ദയുടെ സുഹൃത്ത് സുനില്‍ അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.