തന്ത്രപരമായ നേട്ടത്തിന് വേണ്ടി പാകിസ്ഥാന്‍ തന്നെയാണ് തീവ്രവാദം തുടങ്ങിവച്ചതെന്നും വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ആ തീയുടെ ചൂടാണ് പാകിസ്ഥാന്‍ ഇപ്പോഴും അനുഭവിക്കുന്നതെന്നുമുള്ള പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെ ഏറ്റുപറച്ചില്‍ സ്വാഗതാര്‍ഹമാണെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍.
കാര്യങ്ങളെ ഗൗരവമായാണ് പാകിസ്ഥാന്‍ കാണുന്നത് എന്നതിന് തെളിവാണ് സര്‍ദാരിയുടെ പരാമര്‍ശമെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും ശശി തരൂര്‍ പറഞ്ഞു. തീവ്രവാദത്തിനെതിരെ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികള്‍ അനുസരിച്ച് സര്‍ദാരിയുടെ പ്രസ്താവന വിലയിരുത്തപ്പെടുമെന്നും തരൂര്‍ പ്രതികരിച്ചു.
ഇന്നലെ, വിരമിച്ച ഫെഡറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കവേയാണ്, പാകിസ്ഥാനാണ് തീവ്രവാദം തുടങ്ങി വച്ചതെന്ന് സര്‍ദാരി പറഞ്ഞത്. സ്വയം സത്യസന്ധമായി വിലയിരുത്തിക്കൊണ്ട് വസ്തുത അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറാവണം.
ഭീകരവാദം ഒരു ദേശീയ നാടകമാണെന്നും രാജ്യത്തിന് അത് പ്രതിരോധിക്കാന്‍ കഴിയാതിരുന്നത് ജനകീയ മേധാവിത്വം നഷ്ടമായതുകൊണ്ടാണെന്നും സര്‍ദാരി പറഞ്ഞു. കുറച്ചുകാലത്തേക്കുള്ള നേട്ടത്തിനായി ഒരു നയം ഉണ്ടാക്കുകയും പരിപോഷിപ്പിക്കുയും ചെയ്യുകയായിരുന്നു എന്നും സര്‍ദാരി വ്യക്തമാക്കിയിരുന്നു.