ശ്രീശാന്ത് ജയില്‍ മോചിതനായി; പുറത്തെത്തിയത് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച്

Webdunia
ചൊവ്വ, 11 ജൂണ്‍ 2013 (20:56 IST)
PRO
ഐപിഎല്‍ വാതുവയ്‌പ് കേസില്‍ അറസ്‌റ്റിലായ മലയാളി താരം ശ്രീശാന്ത്‌ ജയില്‍ മോചിതനായി. ശ്രീശാന്ത് നാളെ കൊച്ചിയിലെത്തുമെന്നാണ് സൂചന. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് നാടകീയമായാണ് ശ്രീശാന്തിനെ പൊലീസ്‌ തിഹാര്‍ ജയിലിനു പുറത്തേക്ക്‌ കൊണ്ടുപോയത്‌. സുരക്ഷാ കാരണങ്ങളാലാണ്‌ ശ്രീശാന്തിനെ മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലെത്തിക്കാത്തതെന്നാണ്‌ പൊലീസ്‌ നല്‍കുന്ന വിവരം.

പൊലീസ് നിരത്തിയ വാദങ്ങള്‍ തള്ളിയാണ് കോടതി ശ്രീശാന്തിനും മറ്റ് 17 പേര്‍ക്കും ജാമ്യം അനുവദിച്ചത്. കളിക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയ മക്കോക നിയമം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. വാതുവയ്പു കേസ് അഭിമാനപ്രശ്നമായി ഏറ്റെടുത്ത ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടിയായിരുന്നു കോടതി വിധി.

26 ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ ശ്രീ ജയില്‍ മോചിതനാവുന്നത്‌. ജയിലിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ കഴിയാത്തതിനാല്‍ അഭിഭാഷക റബേക്ക ജോണിന്റെ വസതിയില്‍ വച്ച്‌ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.