ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള ‘ബിയോണ്‍ഡ് വിഷ്വല്‍ റേഞ്ച്” (ബിവിആര്‍) മിസൈലുകളില്‍ പകുതിയും ഉപയോഗ ശൂന്യമെന്ന് റിപ്പോര്‍ട്ട്. വ്യോമസേനയുടെ പക്കലുള്ള, ആകാശത്തു നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന, മിസൈലുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമാണെന്ന് ഒരു ഇംഗ്ലീഷ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബിവിആര്‍ മിസൈലുകള്‍ പരീക്ഷണഘട്ടത്തില്‍ ലക്‍ഷ്യത്തിലെത്താന്‍ പരാജയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആര്‍-77 ബിവിആര്‍ മിസൈലുകളുടെ ഉപയോഗത്തെ കുറിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പുറത്തിറങ്ങാനിരിക്കുന്ന റിപ്പോര്‍ട്ടിലും ചോദ്യമുന്നയിച്ചിട്ടുണ്ട് എന്നാണ് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നത്. സുഖോയ്-30, മിഗ്-29, മിഗ്-21 എന്നീ യുദ്ധ വിമാനങ്ങളിലാണ് ആര്‍-77 ബിവിആര്‍ മിസൈലുകള്‍ ഘടിപ്പിക്കുക.
ഇത്തരത്തിലുള്ള ഒരു മിസൈലിന് രണ്ട് കോടി രൂപയാണ് ചെലവ് വരിക.
1996 മുതല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ബിവിആര്‍ മിസൈലുകള്‍ വാങ്ങുന്നുണ്ട്. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇത്തരത്തിലുള്ള 2,000 മിസൈലുകള്‍ക്ക് പുതുതായി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതില്‍ 1000 എണ്ണം ലഭിച്ചു കഴിഞ്ഞു.
ഇന്ത്യയുടെ പ്രധാന യുദ്ധ വിമാനമായ മിഗ്-29ന് ഘടനാപരമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി എ കെ ആന്റണി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മിസൈല്‍ പ്രശ്നത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.