വേശ്യവൃത്തിയിലേര്‍പ്പെടാന്‍ ആശുപത്രി മാനേജമെന്റ് നിര്‍ബന്ധിച്ചെന്ന് നഴ്സുമാരുടെ പരാതി

Webdunia
വ്യാഴം, 31 ഒക്‌ടോബര്‍ 2013 (10:24 IST)
PRO
ആശുപത്രി മാനേജ്‌മെന്‍റ് അധികൃതര്‍ അനാശാസ്യത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ട്രെയിനി നഴ്‌സുമാര്‍ പൊലീസില്‍ പരാതി നല്‍കി

ഉജ്ജയിനി ആര്‍ഡി ഗാര്‍ഡി മെഡിക്കല്‍ കോളേജില്‍ ഇന്‍േറണ്‍ഷിപ് ചെയ്യുന്ന 14 നഴ്‌സുമാരാണ് പൊലീസില്‍ പരാതിപ്പെട്ടത്. ചീഫ് മെഡിക്കല്‍ ഓഫീസറും ആശുപത്രി സൂപ്രണ്ടും പണമുണ്ടാക്കാന്‍ അനാശാസ്യത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടതായും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും നഴ്‌സുമാര്‍ ആരോപിക്കുന്നു.

മേട്രണോട് പരാതിപ്പെട്ടെങ്കിലും സംഭവം പുറത്തു പറയരുതെന്ന് നിര്‍ദേശിച്ചതായി നഴ്സുമാര്‍ പറഞ്ഞു. എന്നാല്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാനുള്ള മടി കാരണം ട്രെയിനി നഴ്‌സുമാര്‍ കെട്ടിച്ചമച്ച കള്ളപ്പരാതിയാണിതെന്നാണ് മാനേജ്‌മെന്‍റിന്റെ വിശദീകരണം.

ഇവരുടെ പരാതിപ്രകാരം ചിമന്‍ഗഞ്ച് പോലീസ്‌സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മേട്രണെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. സിഎംഒയും സൂപ്രണ്ടും ഒളിവിലാണ്.

മധ്യപ്രദേശ് വനിതാകമ്മീഷന്‍ അംഗം സ്‌നേഹലതാ ഉപാധ്യായ ഉജ്ജയിനി പോലീസ് സൂപ്രണ്ടിനോട് കേസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.