വിധവയെ തോക്ക് ചൂണ്ടി കാറില്‍ കൂട്ടബലാത്സംഗം ചെയ്തു

Webdunia
തിങ്കള്‍, 24 ജൂണ്‍ 2013 (17:29 IST)
WD
WD
35 കാരിയായ വിധവയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കാറില്‍ കൂട്ട ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ പ്രദേശത്താണ് പീഡനം നടന്നത്.

പട്ടിക വിഭാഗത്തില്‍പ്പെട്ട യുവതി സര്‍ക്കാര്‍ ജോലിക്കാരിയാണ്. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി യുവതി സാഗര്‍ വനപ്രദേശത്തുള്ള ഓഫീസില്‍ വന്നതായിരുന്നു. ഓഫീസില്‍ നിന്നും ഇറങ്ങി ആളൊഴിഞ്ഞ ബസ്സ്റ്റോപ്പില്‍ യുവതിയും സുഹൃത്തും നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് പ്രതികള്‍ കാറുമായി വന്നത്.

കാര്‍ നിര്‍ത്തിയ പ്രതികള്‍ യുവതികള്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ഇരുവരുടെയും കയ്യിലുണ്ടായിരുന്ന 1000,2200 രൂപ പിടിച്ച് വാങ്ങുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ സുഹൃത്തിനെ പറഞ്ഞയക്കുകയായിരുന്നു.

പ്രതികള്‍ തുടര്‍ന്ന് യുവതിയെ കാറിലേക്ക് ബലമായി പിടിച്ച് കയറ്റുകയും തോക്ക് കാട്ടി ഭയപ്പെടുത്തി കാറില്‍ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. രണ്ട് മണിക്കുറോളം പീഡനത്തിനിരയാക്കിയ യുവതിയെ വഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്.

തുടര്‍ന്ന് യുവതി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മുഖേഷ്, ദേവി സിംഗ്, ആസാദ്, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.