ലാഹോര്‍: ‘ മുംബൈയുമായി സാമ്യമില്ല ’

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2009 (15:05 IST)
പാകിസ്ഥാനില്‍ പൊലീസ് പരിശീലന കേന്ദ്രത്തിനു നേര്‍ക്ക് നടന്ന ആക്രമണത്തില്‍ ഇന്ത്യ ഖേദം രേഖപ്പെടുത്തി. എന്നാല്‍, ആക്രമണത്തിന് മുംബൈ ഭീകരാക്രമണവുമായി സമാനതകള്‍ ഒന്നും ഇല്ല എന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞു.

ഇരു രാജ്യങ്ങളിലും നടന്നത് ഭീകരാക്രമണമാണ് എന്നതില്‍ കവിഞ്ഞ് ഇവ തമ്മില്‍ സമാനതകള്‍ ഒന്നുമില്ല ചിദംബരം. പാകിസ്ഥാന്‍ ജനങ്ങളോടുള്ള അനുതാപം പ്രകടിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ചിദംബരം.

മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് വ്യക്തമാണ്. അതേസമയം, പാകിസ്ഥാനില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് വ്യക്തമല്ലാത്തതിനാല്‍ ഇവ തമ്മില്‍ സാദൃശ്യപ്പെടുത്താനാവില്ല.

ആക്രമണത്തെ കുറിച്ച് പൂര്‍ണ വിവരം ലഭിച്ചിട്ടില്ല എന്നും ഭീകരാക്രമണത്തെ ശക്തമായ ഭാ‍ഷയില്‍ അപലപിച്ചുകൊണ്ട് ചിദംബരം പറഞ്ഞു.

പാകിസ്ഥാനിലെ ഭീകര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്നാണ് ആക്രമണം നല്‍കുന്ന സന്ദേശമെന്ന് വിദേശകാര്യ സഹമന്ത്രി ആനന്ദ് ശര്‍മ്മ പറഞ്ഞു. പാകിസ്ഥാന്‍ സ്വന്തം മണ്ണിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെയുള്ള നടപടികള്‍ തുടരേണ്ടത് അത്യാവശ്യമാണെന്നും ശര്‍മ്മ പറഞ്ഞു.