മുസാഫര്‍നഗറിലേത് അടക്കമുള്ള കലാപങ്ങള്‍ ആളിക്കത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ വഹിച്ച പങ്ക് വലുതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സംസ്ഥാന പൊലീസ് മേധാവികളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ മീഡിയകളും എസ്എംഎസുകളും ദുരുപയോഗം ചെയ്യുന്ന പ്രവണത സമീപകാലത്ത് രാജ്യത്ത് വര്‍ധിച്ചുവരികയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാതെയും ആശയവിനിമയ സംവിധാനത്തെ പ്രതികൂലമായി ബാധിക്കാതെയും ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ തീവ്രവാദ ഭീഷണിയുടെ നിഴലിലാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. തീവ്രവാദ സംഘടനകളുടെ അട്ടിമറിശ്രമങ്ങള്‍ ചെറുക്കാന്‍ സുരക്ഷാസേനകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലെഷ്‌കര്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം ശക്തമായതിനാല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്നും നെക്‌സല്‍ബാധിത പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്ന കാര്യത്തില്‍ പൊലീസിന് വീഴ്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന ഡിജിപിമാര്‍ക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.