രഹസ്യ സന്ദര്‍ശനം; രാഹുലിനോട് മായയ്ക്ക് കലി !

വ്യാഴം, 24 സെപ്‌റ്റംബര്‍ 2009 (18:10 IST)
PRO
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രഹസ്യമായി യു പി സന്ദര്‍ശിച്ചതില്‍ മുഖ്യമന്ത്രി മായാവതി പ്രതിഷേധമറിയിച്ചു. ഉയര്‍ന്ന സുരക്ഷ വേണ്ട രാഹുല്‍ സംസ്ഥാന ഭരണകൂടത്തെ അറിയിക്കാതെ സന്ദര്‍ശനം നടത്തിയതാണ് മായാവതിയെ പ്രകോപിപ്പിച്ചത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് അമൌസി വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ അവിടെ നിന്ന് കാര്‍ മാര്‍ഗം ബാരാബങ്കിയിലെത്തി. അവിടെ നിന്ന് ശ്രാവസ്തി ജില്ലയിലെത്തിയ രാഹുല്‍ ഗാന്ധി ഒരു ദളിത് കുടുംബത്തിനൊപ്പമാണ് രാത്രി കഴിഞ്ഞത്. അവിടെ ദളിത് കുടുംബത്തോടൊപ്പം ആഹാരം കഴിച്ച് ഉറങ്ങിയ രാഹുല്‍ വ്യാഴാഴ്ച രാവിലെ ഗ്രാമീണരുമൊത്ത് സമയം ചെലവഴിക്കുകയും ചെയ്തു.

രാഹുലിന്റെ മുന്‍‌കൂട്ടി നിശ്ചയിക്കാത്ത സന്ദര്‍ശനം കാരണം യു പി സര്‍ക്കാരാണ് വിഷമവൃത്തത്തിലായത്. രാഹുലിനെ തേടി സംസ്ഥാന പൊലീസ് രാത്രി മുഴുവന്‍ സഞ്ചരിച്ചു എന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി പ്രോട്ടോക്കോള്‍ തെറ്റിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

എന്നാല്‍, യുപി സര്‍ക്കാരിന്റെ ആരോപണം അടിസ്ഥാനരഹിമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു. സന്ദര്‍ശന വിവരം എസ്പിജിയെ അറിയിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിക്കുകയും ചെയ്തിരുന്നു. അതിനുശേഷമുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് മണ്ഡലങ്ങളായ അമേഠിയും റായ്ബറേലിയും ഒഴികെയുള്ള സ്ഥലങ്ങളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുന്നത് തന്റെ ആധിപത്യത്തിനു വെല്ലുവിളിയാവുമോ എന്ന ഭയം കാരണമാണ് മായ പ്രതികരിക്കുന്നത് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നു.

വെബ്ദുനിയ വായിക്കുക