രസതന്ത്ര നോബല്‍ ഇന്ത്യന്‍ വംശജന്

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2009 (16:33 IST)
ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം. വെങ്കട്ടരാമന്‍ രാമകൃഷ്ണന് ഒപ്പം തോമസ് സ്റ്റെയിറ്റ്സ് എന്ന യുഎസ് ശാസ്ത്രജ്ഞനും ഇസ്രയേല്‍ വംശജയായ അദ യോനാതുമാണ് 2009 ലെ രസതന്ത്ര നോബല്‍ പങ്കിട്ടത്.

തമിഴ്നാട്ടിലെ ചിദംബരമാണ് വെങ്കട്ടരാമന്‍ രാമകൃഷ്ണന്റെ ജന്മദേശം. ബറോഡ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും 1976 ല്‍ ഓഹിയോ സര്‍വകലാശാലയില്‍ നിന്ന് പി‌എച്ച്‌ഡിയും സ്വന്തമാക്കി. ഇപ്പോള്‍ ബ്രിട്ടണില്‍ താമസിക്കുന്ന വെങ്കട്ടരാമന് അമേരിക്കന്‍ പൌരത്വമാണുള്ളത്.

റൈബോസോമുകളുടെ ഘടനയെ കുറിച്ചുള്ള പഠനമാണ് ഇത്തവണ രസതന്ത്ര നോബല്‍ സമ്മാനത്തിന് അര്‍ഹമായത്. 10 ദശലക്ഷം ക്രോണറും (1.4 ദശലക്ഷം ഡോളര്‍) പ്രശസ്തിപത്രവും അടങ്ങുന്നതാണ് നോബല്‍ സമ്മാനം. ഡിസംബര്‍ 10 ന് ആണ് അവാര്‍ഡ്ദാനം നടക്കുക.

ആറ്റത്തിന്റെ തലത്തില്‍ റൈബോസോമുകളുടെ പ്രവര്‍ത്തനങ്ങളെയും ഇവയുടെ രൂ‍പത്തെക്കുറിച്ചും മൂ‍ന്ന് ഗവേഷകരും വിശദീകരിച്ചിട്ടുണ്ട്. എക്സ്-റേ ക്രിസ്റ്റലോഗ്രാഫി എന്ന രീതി ഉപയോഗിച്ചാണ് റൈബോസോമുകളെ കുറിച്ച് ഇവര്‍ വിശദീകരിച്ചത്. ആന്റിബയോട്ടിക്കുകളും റൈബോസോമുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തെ കുറിച്ചും വിശദീകരിച്ച ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ പുതിയതരം ആന്റിബയോട്ടിക്കുകള്‍ വികസിപ്പിക്കാന്‍ സഹായകമായേക്കുമെന്നാണ് കരുതുന്നത്.