രണ്ട് വയസുകാരനെ പിതാവ് 30,000 രൂപയ്ക്ക് വിറ്റു

Webdunia
വെള്ളി, 28 ജൂണ്‍ 2013 (12:08 IST)
PRO
മദ്യപാനിയായ പിതാവ് രണ്ടുവയസുകാരനെ 30,000 രൂപയ്ക്ക് വിറ്റു. മൈസൂരിലെ ഉദയഗിരി പ്രദേശത്താണ് സംഭവം നടന്നത്. പിതാവായ നിസാര്‍ഖാനാണ് മകന്‍ നിയാഖാനെ സിക്കന്ദര്‍ എന്നയാള്‍ക്ക് വിറ്റത്.

രണ്ട് തവണ വിവാഹിതനായ നിസാര്‍ഖാന്റെ രണ്ടാം ഭാര്യയായ പര്‍വീര്‍ താജിലുണ്ടായ മകനാണ് നിയാഖാന്‍. മകന്റെ വിലയായി സിക്കന്ദറില്‍ നിന്ന് 10,000 രൂപ അഡ്വാസ് വാങ്ങിയ നിസാര്‍ഖാന്‍ രാത്രി കുട്ടിയുമായി പുറത്തേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ കാത്തുനില്‍ക്കുകയായിരുന്ന സിക്കന്ദറിന് കുട്ടിയെ പണം കൈപ്പറ്റിയതിനുശേഷം വില്‍ക്കുകയായിരുന്നു.

മദ്യപിച്ച് വീട്ടില്‍ തിരിച്ചെത്തിയ നിസാര്‍ഖാനോട് കുട്ടി എവിടെയെന്ന് പര്‍വീജ് താജ് ചോദിച്ചു. മദ്യപിച്ച് ലക്കുകെട്ട നിസാര്‍ഖാന്‍ ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. തുടര്‍ന്ന് അയല്‍‌വാസികള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

വീട്ടില്‍ എത്തിയ പൊലീസ് നിസാര്‍ഖാനെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ വിറ്റുവെന്ന് അറിയാന്‍ സാധിച്ചത്. നിസാര്‍ഖാനില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് കുട്ടിയെ വാങ്ങിയ സിക്കന്ദറിനെയും ഇടനിലക്കാരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.