നരേന്ദ്രമോഡിയുടെ റാലി മോടിയാക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബിഹാര്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി. മോഡിയുടെ റാലി കണക്കിലെടുത്ത് രാഷ്ട്രപതി ഒരു ദിവസം മുമ്പ് ബിഹാറില്‍ നിന്ന് മടങ്ങും.
ഈ മാസം 26ന് പട്‌നയിലും 27ന് ഭോജ്പൂര്‍ ജില്ലയിലുമാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ ഹുങ്കാര്‍ റാലി നിശ്ചയിച്ചിരിക്കുന്നത്. ഇതേ ദിവസങ്ങളില്‍ രാഷ്ട്രപതി ബീഹാര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിനാല്‍ സന്ദര്‍ശനതീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടത്.
റാലിക്ക് തടസമുണ്ടാകില്ലെന്നും റാലിക്ക് തലേദിവസം തന്നെ സന്ദര്‍ശനം അവസാനിക്കുമെന്നും കൂടിക്കാഴ്ചയില്‍ ഉറപ്പ് ലഭിച്ചതായി ബിജെപി നേതാക്കള്‍ പ്രതികരിച്ചു. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയവിവാദത്തിനും അവസാനമായി. മോഡിയുടെ റാലി തടസ്സപ്പെടുത്താനാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാഷ്ട്രപതിയെ ബീഹാറിലേക്ക് ക്ഷണിച്ചതെന്ന് ബിജെപി നേതാവ് സുശീല്‍ മോദി വിമര്‍ശിച്ചിരുന്നു. ഹൂങ്കാര്‍ റാലി വിജയമാക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പട്‌നയിലേക്ക് പത്ത് ട്രെയിനുകള്‍ ബിജെപി ബീഹാര്‍ ഘടകം ബുക്ക് ചെയ്തിട്ടുണ്ട്.