2,916 മൊബൈല്‍ ഫോണുകളുടെ അകത്ത് ഒളിപ്പിച്ചുകടത്തിയ 27 കിലോ സ്വര്‍ണം ഡിആര്‍ഐ ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് പത്തുകോടി രൂപ വിലമതിക്കും.
ഹോങ്കോങ്ങില്‍ നിന്നെത്തിയ ചരക്കുവിമാനത്തില്‍ എത്തിച്ച മൊബൈല്‍ഫോണുകളുടെ പെട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണിനകത്ത് ബാറ്ററിക്ക് പകരമായി തന്ത്രപരമായി സ്വര്‍ണത്തിന്റെ ചെറുകട്ടികള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
108 മൊബൈല്‍ഫോണുകളിലായാണ് ഒരുകിലോ സ്വര്‍ണം ഒളിപ്പിരുന്നത്. എട്ട് കണ്ടെയ്‌നറുകളിലായുള്ള മൊബൈല്‍ ഫോണുകളില്‍ നിന്നാണ് 27 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. വിമാനത്തില്‍ അഞ്ചുദിവസം മുമ്പ് ചെന്നൈയിലെത്തിച്ച മൊബൈല്‍ ഫോണുകളുടെ പെട്ടികള്‍ സ്വീകരിക്കാനായി ആരും എത്താതിനെത്തുടര്‍ന്നായിരുന്നു പരിശോധന.
റോയപ്പേട്ടയിലുളള ഒരാളുടെ മേല്‍വിലാസത്തിലാണ് മൊബൈല്‍ ഫോണുകള്‍ അയച്ചത്. ഡി.ആര്‍.ഐ. നടത്തിയ അന്വേഷണത്തില്‍ മേല്‍വിലാസം തെറ്റാണെന്ന് ബോധ്യമായി. ഗോഡൗണിലുള്ള പെട്ടികള്‍ ഇനിയും തുറന്നുപരിശോധിക്കാനുണ്ടെന്ന് ഡി.ആര്‍.ഐ. അധികൃതര്‍ പറഞ്ഞു.