മെഹ്ബൂബ മുഖ്യമന്ത്രിയാകും; ജമ്മു കശ്മീരിൽ വീണ്ടും ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍

Webdunia
വ്യാഴം, 24 മാര്‍ച്ച് 2016 (19:47 IST)
ഏറെ നാളത്തെ അനിശ്ചിത്ത്വത്തിനൊടുവില്‍ ജമ്മു കശ്മീരിൽ മെഹ്ബൂബ മുഫ്തിയെ മുഖ്യമന്ത്രിയാക്കാന്‍ ബി ജെ പി–പി ഡി പി ചര്‍ച്ചയില്‍ ധാരണ. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എം എൽ എമാരുടെ യോഗത്തിൽ മെഹ്ബൂബ മുഫ്തിയെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു. സത്യപ്രതി‍ജ്ഞ തിയ്യതി ജമ്മു കശ്മീർ ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് പാർട്ടി മുതിർന്ന നേതാവ് മുസഫർ ബൈഗ് അറിയിച്ചു. 
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മെഹ്ബൂബയുമായി നടന്ന ചർച്ചയിലാണ് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊണ്ടത്. മോദിയുമായി നടത്തിയ ചർച്ച വളരെ നന്നായിരുന്നുവെന്ന് മെഹ്ബൂബ നേരത്തെ വ്യക്തമാക്കിയിരുന്നു.
 
മുഫ്തി മുഹമ്മദ് സയ്യദിന്റെ മരണത്തോടെയാണ് ബി ജെ പി-പി ഡി പി ബന്ധത്തില്‍ വിള്ളല്‍ വന്നത്. 87 അംഗങ്ങളുള്ള കശ്മീർ നിയമസഭയിൽ പി ഡി പിക്ക് 27, ബി ജെ പിക്ക് 25, നാഷണൽ കോൺഫറൻസ് 15, കോൺഗ്രസ്12, മറ്റുള്ളവർ 7 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. 
 
സർക്കാർ രൂപീകരിക്കുന്നതിന് മുന്‍പ് പൊതുമിനിമം പരിപാടിയില്‍ പി ഡി പി മുന്നോട്ടുവച്ച ചില നിര്‍ദേശങ്ങളാണ് അനിശ്ചിതത്വത്തിന് കാരണമായത്. കശ്മീരിലെ വിഘടനവാദി നേതാക്കളുമായി ചർച്ച പുനരാരംഭിക്കുക, ചില ജില്ലകളിൽ നിലവിലുള്ള സായുധസേനാ പ്രത്യേക നിയമം പിൻവലിക്കുക, സംസ്ഥാനത്തിന് കൂടുതൽ വികസന പരിഗണന നൽകുക തുടങ്ങിയ പി ഡി പിയുടെ ആവശ്യവും സര്‍ക്കാര്‍ രൂപീകരണം വൈകാന്‍ കാരണമായി.