മുസഫര്‍നഗര്‍ വര്‍ഗീയ കലാപം: ആറ് ജനപ്രതിനിധികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (13:45 IST)
PTI
PTI
മുസഫര്‍നഗര്‍ വര്‍ഗീയ കലാപം രൂക്ഷമാക്കുവാന്‍ ശ്രമിച്ച ആറ് ബിജെപി, ബിഎസ്പി, കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസ് ഉത്തര്‍പ്രദേശ് നിയമസഭ വളഞ്ഞിരിക്കുകയാണ്.

കലാപത്തിനിടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത് കലാപം രൂക്ഷമാക്കുവാന്‍ ശ്രമിച്ചുവെന്നാണ് ഈ ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസ്. മായാവതിയുടെ ബിഎസ് പി(ഖ്വാദിര്‍ റാണ, ജമീല്‍ അഹമ്മദ്, നൂര്‍ സലിം റാണ), ബിജെപി (സംഗീത് സോം), കോണ്‍ഗ്രസ് (സൈദുസ്മന്‍) തുടങ്ങിയവരുടെ പേരിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്..

ഇവര്‍ക്കെതിരെ നേരത്തെതന്നെ കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് ദിവസത്തിനകം എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഈ നടപടി.

അതേസമയം നിയമസഭാ അംഗങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി സഭയില്‍ ബഹളം വയ്ക്കുകയാണ്. ബിഎസ്പിയും പ്രതിഷേധത്തിലാണ്.