മുംബൈയില്‍ വിമാനത്തിന് തീ പിടിച്ചു

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2009 (13:46 IST)
റിയാദിലേക്കുള്ള എ 1829 എയര്‍ ഇന്ത്യ വിമാനത്തിന്റെ ഒരു എഞ്ചിന് തീ പിടിച്ചു. ഒരു യാത്രക്കാരന്‍ എഞ്ചിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് വിമാനം പറന്നുയരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

213 യാത്രക്കാരും വിമാന ജോലിക്കാരും ഉണ്ടായിരുന്ന വിമാനം ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ തുടങ്ങുമ്പോഴാണ് ഒരു യാത്രക്കാരന്‍ എഞ്ചിനില്‍ നിന്ന് തീപ്പൊരി പറക്കുന്നത് കണ്ടത്. ഇതെ തുടര്‍ന്ന് പൈലറ്റ് ‘എയര്‍ ട്രാഫിക് കണ്ട്രോളില്‍’ വിവരം അറിയിക്കുകയും വിമാനം നിര്‍ത്തുകയും ചെയ്തു.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നാല് ഫയര്‍‌ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്. ഉടന്‍ തന്നെ തീ അണച്ചു എന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ വക്താവ് ജിതേന്ദ്ര ഭാര്‍ഗവ പറഞ്ഞു.

യാത്രക്കാരെ പിന്നീട് റിയാദിലേക്ക് അയയ്ക്കും. വ്യോമ ഗതാഗത ഡയറക്ടറേറ്റ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തും.