യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്റെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തെ പിന്തുടര്‍ന്ന് വിവാദങ്ങളും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് ഹിലാരി സ്നേഹപൂര്‍വ്വം നല്‍കിയ സമ്മാനമാണ് വിമര്‍ശനവിധേയമായിരിക്കുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ ബംഗാളി ഗാനത്തില്‍ നിന്നുള്ള വരികള്‍ തുന്നിച്ചേര്‍ത്ത ഒരു മാറ്റ് ആണ് ഹിലാരി മമതയ്ക്ക് നല്‍കിയത്. എന്നാല്‍ ഇതില്‍ മുഴുവന്‍ അക്ഷരത്തെറ്റും അബദ്ധങ്ങളുമാണ്.
റൈറ്റേഴ്സ് ബില്‍ഡിംഗില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ടാഗോറിന്റെ മുഖമുള്ള ഈ മാറ്റ് മമതയ്ക്ക് ഹിലാരി സമ്മാനിച്ചത്. മമത സന്തോഷം മറച്ചുവച്ചില്ല. മാറ്റ് മാധ്യമങ്ങള്‍ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഗാനത്തിന്റെ വരികളിലെ തെറ്റായ പദങ്ങളും അക്ഷരത്തെറ്റുമെല്ലാം ഇങ്ങനെയാണ് പുറത്തായത്.
കൊല്‍ക്കത്തയിലെ ഏതോ ഒരു ഡിസൈനറുടെ പക്കല്‍ നിന്നാണ് ഇത് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. വിഷയം ടാഗോറും അന്താരാഷ്ട്ര നയതന്ത്രവും ആണെന്നിരിക്കെ യു എസ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധകാണിക്കണമായിരുന്നു എന്നാണ് സാഹിത്യ അക്കാദമി അധ്യക്ഷ സുനില്‍ ഗംഗോപാധ്യായ അഭിപ്രായപ്പെട്ടത്.
എന്നാല്‍ യു എസ് കോണ്‍സുലേറ്റ് ഇതേക്കുറിച്ച് പ്രകരിച്ചില്ല.