'ബലാത്സംഗം എതിര്‍ക്കുകയോ ആസ്വദിക്കുകയോ ചെയ്യാം’!

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (15:38 IST)
PRO
PRO
ബലാത്സംഗം എതിര്‍ക്കുകയോ ആസ്വദിക്കുകയോ ചെയ്യാം, ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചലച്ചിത്രതാരത്തിന്റെ പരാമര്‍ശമാണിത്. ബലാത്സംഗ പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ താര സ്ഥാനാര്‍ഥി ദേവാണ് വിവാദത്തിലായിരിക്കുന്നത്‍. ഒരു ബംഗാളി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് ദേവിനെ വിമര്‍ശനത്തിന് ഇടയാക്കിയത്. മാധ്യമ പ്രശസ്തി ആസ്വദിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് ദേവ് നല്‍കിയ മറുപടിയാണ് വിവാദമായത്. 'ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥയാണിത്. നിങ്ങള്‍ക്ക് അതിനെ എതിര്‍ക്കുകയോ ആസ്വദിക്കുകയോ ചെയ്യാ'മെന്നായിരുന്നു ദേവിന്റെ മറുപടി.

അഭിമുഖം പുറത്തുവന്നതോടെ ദേവിനെതിരേ പ്രതിപക്ഷ കക്ഷികളും വനിതാ സംഘടനകളും രംഗത്തെത്തി. രംഗം പന്തിയല്ലെന്ന് കണ്ട് ട്വിറ്ററിലൂടെ ക്ഷമാപണം നടത്തി രക്ഷപ്പെടാന്‍ ദേവ് ശ്രമം നടത്തിയെങ്കിലും എതിരാളികള്‍ വിടുന്ന മട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 42 സ്ഥാനാര്‍ഥികളില്‍ ഏറ്റവും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയാളാണ് ദേവ്.

ദേവിന്റെ പരാമര്‍ശം ഞെട്ടിച്ചുകളഞ്ഞുവെന്ന് പ്രതിപക്ഷ കക്ഷികള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക് തള്ളിവിടപ്പെട്ട പക്വതയില്ലാത്ത നിര്‍വികാരമായ പ്രവര്‍ത്തകന്റെ വാക്കുകളാണിത്. അയാളെ മുഖ്യമന്ത്രിയടക്കം കൂടുതല്‍ അപക്വമായ നേതൃത്വമാണ് ഇതിലേക്കു നിര്‍ബന്ധിച്ച് വിടുന്നതെന്നും ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ദേവിന്റെ പരാമര്‍ശം ഞെട്ടിച്ചുവെന്നും അത് പശ്ചിമ ബംഗാളിന്റെയോ രാഷ്ട്രീയത്തിലെയോ സംസ്‌കാരമല്ലെന്നും ആര്‍എസ്പി നേതാവ് മനോജ് ഭട്ടാചാര്യ പ്രതികരിച്ചു. രാജ്യത്തെ പകുതിയിലധികം വരുന്ന ജനതയെ ഇടിച്ചുതാഴ്ത്തുക മാത്രമല്ല, ജനാധിപത്യത്തെ അപമാനിക്കുകയാണ് ദേവ് ചെയ്തിരിക്കുന്നതെന്ന് വനിതാ സംഘടനാ പ്രവര്‍ത്തക രത്‌നബോലി റോയ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

വിമര്‍ശനം കടുത്തതോടെ ദേവ് ക്ഷമാപണവുമായി എത്തി. രാഷ്ട്രീയത്തില്‍ മുന്‍പരിചയമില്ലാത്ത തന്റെ മനസ് ശുദ്ധമാണെന്നും ആരെയും മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എല്ലാ സ്ത്രീകളെയും ബഹുമാനിക്കുന്നതായും വിവാദ പരാമര്‍ശത്തില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നതായും ദേവ് ട്വീറ്റ് ചെയ്തു.