ഫ്രീഡം 251നെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: ആരോപണവുമായി ബി ജെ പി എം എല്‍ എ

Webdunia
ബുധന്‍, 24 ഫെബ്രുവരി 2016 (02:31 IST)
251 രൂപയ്ക്ക് സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ച ഫ്രീഡം 251നെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ബി ജെ പി എം എല്‍ എ ഓംപ്രകാശ് സക്‌ലേച. മധ്യപ്രദേശിലെ നീമഞ്ച് ജില്ലയിലെ ജവാദില്‍ നിന്നുള്ള എം എല്‍ എയാണ് ഓംപ്രകാശ്. ഫ്രീഡം 251ന്റെ പ്രമോട്ടര്‍ കൂടിയാണ് ഇദ്ദേഹം. ഫോണിന്റെ ആധികാരികത സംബന്ധിച്ച് സംശയം വ്യാപകമാകുന്നതിനിടെയാണ് കമ്പനിയെ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എം എല്‍ എ രംഗത്ത് വന്നത്. 
 
സമൂഹ മാധ്യമങ്ങളിലടക്കം കമ്പനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സ്വാധീനമുള്ളവരാണ് ഇതിനു പിന്നിലെന്നും ഓം പ്രകാശ് പറഞ്ഞു. ഇന്ത്യക്കാരുടെ പണം വിദേശ കമ്പനികളിലേക്ക് ഒഴുന്നതിന് തടയിടാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ലെന്നും എം എല്‍ എ ആരോപിക്കുന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഓംപ്രകാശ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 
 
മോഹിത് കുമാര്‍ എന്ന എം ബി എകാരനാണ് ഫ്രീഡം 251 എന്ന ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‍. നോയിഡ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 1100 മുതല്‍ 1200 രൂപ വരെ നിര്‍മ്മാണ ചെലവാകുന്ന ഫോണ്‍ 251 രൂപയ്ക്ക് വില്‍ക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. ഉപയോക്താക്കള്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ കമ്പനിക്ക് ലാഭം ലഭിക്കുമെന്നും കമ്പനി പറയുന്നു.