ഹിന്ദു ആചാരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി വീണ്ടും രംഗത്ത്. മധുരയില്‍ ഉണ്ടായ ഒരു വര്‍ഗീയ സംഘട്ടനത്തെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യന്‍ എഴുതിയ ഒരു കവിതയിലാണ് ആചാരങ്ങളെ വിമര്‍ശിക്കുന്നത്.
എല്ലാവര്‍ക്കും സമത്വം നല്‍കുന്ന ഒരു സമൂഹത്തില്‍ എന്തിനാണ് നെറ്റിയില്‍ ഭസ്മവും സിന്ദൂരവും ധരിക്കുന്നത് എന്നാണ് കരുണാനിധിയുടെ കവിതയില്‍ ചോദിക്കുന്നത്. ബ്രാഹ്മണര്‍ പൂണുല്‍ ധരിക്കുന്നതിനെയും ചോദ്യം ചെയ്യുന്നുണ്ട്.
“ എല്ലാ മതങ്ങളെയും സ്വീകരിക്കുന്ന എല്ലാവര്‍ക്കും സമത്വം നല്‍കുന്ന ഒരു രാജ്യത്ത് ഇവയുടെ ആവശ്യമെന്താണ്”, കരുണാനിധി തന്‍റെ കവിതയിലൂടെ ചോദിക്കുന്നു.
സത്യമാണ് ദൈവം. എല്ലാവരും അതിനു മുന്നില്‍ സമന്‍മാരാണ്. ഇതെ കുറിച്ച് അറിഞ്ഞുകൂടാത്തവര്‍ അജ്ഞരാണെന്നും കരുണാനിധിയുടെ കവിതയില്‍ പറയുന്നു.
ഭസ്മവും സിന്ദൂരവും അണിയുന്നതിനെതിരെ മുമ്പും കരുണാനിധി ചോദ്യമുന്നയിച്ചിട്ടുണ്ട്. ഒരിക്കല്‍, ഹിന്ദുക്കളെ “കൊള്ളക്കാര്‍” എന്ന് വിശേഷിപ്പിച്ചത് വിവാദമായതിനെ തുടര്‍ന്ന് ‘ഹൃദയം കൊള്ളചെയ്യുന്നവര്‍’ എന്ന വിശദീകരണം നല്‍കി മുഖം രക്ഷിച്ചിരുന്നു.
രാമസേതു പ്രശ്നത്തിലും കരുണാനിധി ഹിന്ദു സംഘടനകളുടെ അപ്രീതി സമ്പാദിച്ചിരുന്നു. രാമസേതു നിര്‍മ്മിച്ച രാമന്‍ യോഗ്യത നേടിയ എഞ്ചിനിയറാണോ എന്നും ആക്ഷേപ രൂപേണ കരുണാനിധി ചോദിച്ചിരുന്നു.
മധുരയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘടനത്തെ തുടര്‍ന്ന് നടന്ന പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.