പഠനനിലവാരം കുറയുന്നു; എട്ടാം ക്ലാസില്‍ ഇനി കുട്ടികള്‍ തോല്‍ക്കും!

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2013 (14:53 IST)
PRO
PRO
എട്ടാം ക്ലാസ് വരെ ആരെയും തോല്‍പ്പിക്കേണ്ടതില്ലെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പുനപരിശോധിക്കും. കുട്ടികളുടെ നിലവാരം കുത്തനെ ഇടിയുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കണക്കിലെ സമസ്യകള്‍ പരിഹരിക്കുന്നതിലും വായിക്കാനുള്ള കഴിവിലും കുട്ടികള്‍ പിന്നിലാണെന്ന തിരിച്ചറിവിലാണ് തീരുമാനം പുനപരിശോധിക്കുന്നത്.

മാനവവിഭവശേഷി വികസനത്തിനുള്ള പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മുന്‍പ് സ്കൂളില്‍നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനാണ് എട്ടാം ക്ലാസ് വരെ ആരെയും തോല്‍പ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യവസ്ഥ വച്ചത്.

2010 മുതല്‍ 2012 വരെയുള്ള രണ്ടു വര്‍ഷക്കാലത്തിനിടെ രണ്ടാം ക്ലാസിലെ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയാത്ത അഞ്ചാം ക്ലാസുകാരുടെ എണ്ണം 46 ശതമാനത്തില്‍നിന്ന് 53 ശതമാനമായി ഉയര്‍ന്നു. രണ്ടാം ക്ലാസുകാര്‍ക്കുള്ള കണക്കിലെ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ 46.5 ശതമാനം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും ആകുന്നില്ല. 2010ല്‍ ഇത് 29 ശതമാനം മാത്രമായിരുന്നു. ഇത്തരത്തില്‍ കുട്ടികളുടെ പഠന നിലവാരം കുറയുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ അദ്ധ്യക്ഷതയിലുള്ള സമിതി പുനപരിശോധനയ്ക്ക് ശുപാര്‍ശ ചെയ്തത്.