ദേശീയഗാനത്തിനിടയില്‍ ഇറങ്ങി നടന്നു; കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Webdunia
ബുധന്‍, 11 മാര്‍ച്ച് 2015 (15:32 IST)
ദേശീയഗാനത്തിനിടയില്‍ ഇറങ്ങിനടന്ന കര്‍ണാടക ഗവര്‍ണര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. കര്‍ണാടക ഗവര്‍ണര്‍ വാജുഭയി വാലയാണ് ദേശീയഗാനത്തിനിടയില്‍ മര്യാദലംഘനം നടത്തിയത്. രാജ്‌ഭവനില്‍ കര്‍ണാടക ഹൈക്കോടതി ജഡ്‌ജിയുടെ സത്യപ്രതിജ്ഞ വേളയിലായിരുന്നു വിവാദമായ സംഭവം.
 
സത്യപ്രതിജ്ഞ കഴിഞ്ഞ് പെരുമാറ്റച്ചട്ട പ്രകാരം ദേശീയഗാനം ആലപിക്കുമ്പോള്‍ അത് വകവെയ്ക്കാതെ ഗവര്‍ണര്‍ വേദി വിട്ടിറങ്ങുകയായിരുന്നു. അതേസമയം, താന്‍ ഇത് മനപൂര്‍വ്വം ചെയ്തതല്ല എന്നാണ് ഗവര്‍ണറുടെ പക്ഷം. ദേശീയഗാനം ആലപിക്കുന്നുണ്ടെന്ന് മനസ്സിലായ ഉടന്‍ തന്നെ തിരികെയെത്തി നിശ്‌ശബ്‌ദനായി അറ്റന്‍ഷനായി നില്‍ക്കുകയും ചെയ്തു ഗവര്‍ണര്‍. 
 
ഈ സമയം വേദിയില്‍ ഉണ്ടായിരുന്ന മറ്റ് അതിഥികള്‍ അറ്റന്‍ഷനായിത്തന്നെ നിന്നു. കര്‍ണ്ണാടക ചീഫ് ജസ്റ്റിസ് ഡി എച്ച് വഖേല, ജസ്റ്റിസ് ചൗഹാന്‍, ചീഫ് സെക്രട്ടറി കൗഷിക് മുഖര്‍ജി എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു.