അധോലോകനായകനും മുംബൈ സ്ഫോടനക്കേസിലെ പ്രധാനപ്രതിയുമായ ദാവൂദ് ഇബ്രാഹിം രക്ഷപ്പെടാന്‍ കാരണം മുന്‍ കേന്ദ്രമന്ത്രി എസ് സി ചവാനാണെന്ന് വെളിപ്പെടുത്തല്‍. മുംബൈ സ്ഫോടന കേസില്‍ രണ്ട് പതിറ്റാണ്ടിനുശേഷമാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. മുംബൈ പൊലീസ് മുന്‍ മേധാവി എം എന്‍ സിംഗിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് വഴിതുറന്നത്.
1993 ലെ മുംബൈ സ്ഫോടന കേസിലെ മുഖ്യപ്രതി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ ദുബായില്‍ ചെന്ന് അറസ്റ്റു ചെയ്യാന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി എസ് സി ചവാന്‍ തടസ്സം നിന്നതായാണ് സിംഗിന്റെ വെളിപ്പെടുത്തല്‍.
പാകിസ്ഥാനിലേക്ക് കടക്കുന്നതിനു മുമ്പ് ദാവൂദിനെ അറസ്റ്റ് ചെയ്യാന്‍ ദുബായിലേക്ക് പ്രത്യേക സംഘത്തെ അയക്കുന്ന കാര്യം ആഭ്യന്തര മന്ത്രിയോട് താന്‍ നിര്‍ദ്ദേശിച്ചിരുന്നതായി ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സിംഗ് തുറന്നു പറഞ്ഞത്. എന്നാല്‍ ഈ നിര്‍ദ്ദേശം മന്ത്രി ചവാന്‍ അംഗീകരിച്ചില്ല. അത് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കേന്ദ്ര അനുമതിയില്ലാതെ അന്വേഷണ സംഘത്തെ അയക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.