ദലൈലാമയ്ക്ക് അരുണാചല്‍ സന്ദര്‍ശിക്കാം: കൃഷ്ണ

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2009 (18:06 IST)
PRO
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് അരുണാചലില്‍ സന്ദര്‍ശനം നടത്തുന്നതില്‍ തടസ്സമൊന്നുമില്ല എന്നും ഇതെ കുറിച്ചുള്ള ചൈനയുടെ ഉത്കണ്ഠയ്ക്ക് അടിസ്ഥാനമില്ലെന്നും വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ.

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണ്. ദലൈലാമയ്ക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും സന്ദര്‍ശനം നടത്താം. അദ്ദേഹം രാഷ്ട്രീയപരമായ പ്രസ്താവനകള്‍ ഒന്നും നടത്തില്ല എന്നാണ് സര്‍ക്കാര്‍ കരുതുന്നത്, കൃഷ്ണ ബുധനാഴ്ച പറഞ്ഞു.

നവംബറില്‍ അരുണാചലിലെ തവാംഗ് ജില്ലയില്‍ ഒരു ആശുപത്രിയുടെ ഉദ്ഘാടനത്തിനാണ് ദലൈലാമ എത്തുന്നത്. അരുണാചലിന്റെ ചില ഭാഗങ്ങള്‍ ചൈനയുടേതാണെന്ന വാദം നിലനില്‍ക്കുമ്പോഴാണ് ലാമയുടെ സന്ദര്‍ശനം.

ലാമയുടെ അരുണാചല്‍ സന്ദര്‍ശനം റദ്ദാക്കരുത് എന്ന് ടിബറ്റന്‍ അനുകൂല സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സന്ദര്‍ശനം റദ്ദാക്കിയാല്‍ അത് ചൈനയുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ തലകുനിക്കല്‍ ആയിരിക്കുമെന്നും അങ്ങനെ സംഭവിക്കില്ല എന്നാണ് കരുതുന്നത് എന്നും സംഘടനാ വക്താക്കള്‍ പറയുന്നു.

ലാമയുടെ സന്ദര്‍ശനത്തെ കുറിച്ച് ചൈന പ്രകടിപ്പിച്ച ഉത്കണ്ഠ ഇന്ത്യ കാര്യമാക്കേണ്ടതില്ല എന്ന് ടിബറ്റന്‍ പ്രവാസ ഭരണകൂടത്തിന്റെ പ്രധാനമന്ത്രി സംധോംഗ് റിമ്പോച്ചെ അഭിപ്രായപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തിക പരിഗണന വച്ചാണ് ചൈനയെ പ്രീതിപ്പെടുത്തുന്നത് എന്നും റിമ്പോച്ച കുറ്റപ്പെടുത്തി.

കഴിഞ്ഞ 50 വര്‍ഷമായി ഇന്ത്യയില്‍ സ്ഥിര താമസക്കാരനായ ദലൈലാമയ്ക്ക് രാജ്യത്തെ ഏതു സംസ്ഥാനത്തും സന്ദര്‍ശനം നടത്താനുള്ള അവകാശമുണ്ടെന്നും റിമ്പോച്ച കൂട്ടിച്ചേര്‍ത്തു.