ഒരു ത്രികോണ പ്രണയം അവസാനമെത്തിയത് നിഷ്ഠൂരമായ കൊലപാതകത്തിലായിരുന്നു രാഷ്ട്രീയത്തില്‍ നല്ല ഭാവിയുള്ള യുവകോണ്‍ഗ്രസ് പ്രവര്‍ത്തകന് കൊലക്കയര്‍ വിധിക്കപ്പെട്ടു. അയാളുടെ കാമുകി തന്തൂരി അടുപ്പില്‍ എരിഞ്ഞടങ്ങി. അവളുടെ സുഹൃത്താകട്ടെ, സൌഹൃദം നല്‍കിയ വേദനയിലും മാനഹാനിയിലും ദുഃഖിച്ച് കഴിയുന്നു.
ക്ലാസ്മേറ്റ്സും അടുത്ത സുഹൃത്തുക്കളുമായിരുന്നു നൈനാ സാഹ്നിയും മത്‌ലൂബ് ഖാനും. ഇരുവരുടെയും മാതാപിതാക്കള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നില്ലെങ്കില്‍ അവരുടെ സൌഹൃദം വിവാഹത്തില്‍ എത്തിയേനെ. പിന്നീടാണ് നൈന കോളജ്മേറ്റും ഡല്‍ഹി കോണ്‍ഗ്രസിലെ പ്രമുഖ യുവനേതാവുമായ സുശീല്‍ കുമാറുമായി പരിചയപ്പെട്ടത്. ഇവര്‍ രഹസ്യമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി, ലിവിംഗ് ടുഗെദര്‍!
1995 ജുലൈ 2, ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗില്‍ ഫ്ലാറ്റില്‍ വലിയ ആ മുറിയില്‍ ആ പെണ്‍കുട്ടി മുറിവേറ്റ മനസുമായി ഭര്‍ത്താവിനെ കാത്തിരുന്നു. പല ചോദ്യങ്ങള്‍ക്കും അവള്‍ക്ക് ഉത്തരം വേണമായിരുന്നു. തന്റെ ക്ലാസ്മേറ്റിനോട് സംസാരിക്കുന്നതില്‍ നിന്ന് എന്തിനാണ് തന്റെ ഭര്‍ത്താവ് വിലക്കുന്നത്? തന്നെ സ്വന്തമാക്കിയെന്ന് എന്താണ് ലോകത്തോട് തുറന്ന് പറയാത്തത്? കാത്തിരുന്നു മടുത്ത അവള്‍ ഒടുവില്‍ മുറിയിലുണ്ടായിരുന്ന മദ്യത്തിലഭയം തേടി.
അതേസമയംതന്നെ, സുശീല്‍ കുമാര്‍ ശര്‍മ്മ എന്ന, അധികാരത്തിന്റെ ഇടനാഴിയില്‍ പുതിയ സിംഹാസനം തേടുന്ന യുവ കോണ്‍ഗ്രസ് നേതാവ് ന്യൂഡല്‍ഹിയിലെ ഗോള്‍മാര്‍ക്കറ്റ് ഏരിയയിലെ തന്റെ ഫ്ലാറ്റിലെത്തി. മുന്നറിയിപ്പില്ലാതെ തന്റെ പല സംശയങ്ങള്‍ക്കും ഉത്തരം തേടിയാണ് ശര്‍മ്മയും ഫ്ലാറ്റിലെത്തിയെത്.
ലോകത്തിനു മുന്‍പില്‍ ഭാര്യയാണെന്നു വെളിപ്പെടുത്താതെ താന്‍ രഹസ്യബന്ധം പുലര്‍ത്തുന്ന നൈനയുടെ പുതിയ സൌഹൃദ ബന്ധമായിരുന്നു ശര്‍മ്മയുടെ സംശയത്തിന് അടിസ്ഥാനം.
അപ്രതീക്ഷിതമായി കയറിച്ചെന്ന ശര്‍മ്മ കണ്ടത് ആരോടോ ഫോണില്‍ സംസാരിക്കുന്ന നൈനയെയാണ്. ശര്‍മ്മയെ കണ്ട് നൈന ഫോണ്‍ പെട്ടെന്ന് താഴെ വച്ചു. ശര്‍മ്മ ഉടന്‍ തന്നെ റീ ഡയല്‍ ചെയ്തു. തന്റെ സംശയങ്ങള്‍ക്ക് ഉത്തരമായി മറുവശത്ത് അവന്‍ തന്നെ. കോപാന്ധനായ ശര്‍മ്മ തന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ മൂന്നു തവണ നൈനയുടെ തലയ്ക്കും കഴുത്തിനുമായി ഉന്നംവച്ചു നിറയൊഴിച്ചു. മുന്‍കൂട്ടി തീരുമാനിച്ച ഒരു കൊലപാതകമായിരുന്നില്ല അത്.
പാര്‍ലമെന്റ് മന്ദിരത്തിന്‍റെ എതിര്‍വശത്ത് അശോക് യാത്രി നിവാസിലെ തന്റെ ബാഗിയ റെസ്റ്റോറന്റിലാണ് ആ മൃതദേഹവും വഹിച്ചുകൊണ്ട് ശര്‍മ്മ എത്തിയത്. ബാഗിയ റെസ്റ്റോറന്റ് തന്തൂരി വിഭവങ്ങള്‍ക്ക് പ്രശസ്തമാണ്. നല്ല തിരക്കുള്ള ഈ റെസ്റ്റോറന്റിലെ തന്തൂരി അടുപ്പില്‍ തീയണയാറില്ല.
തന്റെ എന്താജ്ഞയും അതേ പോലെ ചെയ്യുന്ന മാനേജര്‍ കേശവ് കുമാറിനോട് കാറിന്റെ ഡിക്കിയിലെ ആ വസ്തു എടുത്ത് അടുപ്പിലിട്ടേക്കാന്‍ ശര്‍മ്മ ആഞ്ജാപിച്ചു. മിനിട്ടുകള്‍ക്കുള്ളില്‍ ആ യുവസുന്ദരിയുടെ മൃതദേഹം കഷ്ണങ്ങളായി നുറുക്കി എരിയുന്ന അടുപ്പിലേക്ക് എറിയപ്പെട്ടു.
വഴിയില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു ഡല്‍ഹി സ്വദേശിനിയായ ആ യുവതി. പെട്ടെന്നാണ് തന്തൂരിയിലെ സ്ഥിരം കൊതിപിടിപ്പിക്കുന്ന മണത്തിനു പകരം ഒരു ശവം കരിയുന്ന മണം അവളുടെ മൂക്ക് പിടിച്ചെടുത്തത്. ഉടനെതന്നെ അവള്‍ അത് ബീറ്റ് കോണ്‍സ്റ്റബിളിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പൊലിസ് സംഘം എത്തി കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടെത്താനും മറ്റും അധികം താമസം വേണ്ടി വന്നില്ല. റസ്റോറന്റ് മാനേജര്‍ കേശവിനെ സംഭവസ്ഥലത്തുവച്ചുതന്നെ അറസ്റു ചെയ്തു.
ഡല്‍ഹി പൊലീസിലെ മലയാളി കോണ്‍സ്റബിള്‍ അബ്ദുള്‍ നസീര്‍ കുഞ്ഞാണ് മൃതദേഹം കരിച്ചതായി കണ്ടെത്തിയത്. ഇദ്ദേഹം കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നു. തന്റെ ഭാര്യ ആയ നൈനാ സാഹ്‌നിക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന വിശ്വാസമാണ് സുശീല്‍ശര്‍മ്മയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
കൊലപാതകത്തിനു ശേഷം ശര്‍മ്മ തന്റെ സുഹൃത്തായ ഒരു ഐഎഎസ് ഓഫീസര്‍ക്കൊപ്പം ഒരു നാള്‍ ഒളിവില്‍ക്കഴിഞ്ഞു. ജയ്പൂരില്‍ നിന്നും മുംബൈയിലേക്കും പിന്നീട് ചെന്നൈയിലേക്കും മുന്‍കൂര്‍ ജാമ്യം തേടി സുശീല്‍ എത്തി.
മാക്സ്‌വെല്‍ പെരേരയെന്ന പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍ ചെന്നൈയിലെത്തിയെങ്കിലും ശര്‍മ്മ രക്ഷപ്പെട്ടിരുന്നു. 1995 ജുലൈ 10ന് ഡല്‍ഹിയില്‍ വച്ച് സുശീല്‍ കീഴടങ്ങി.
മകനുവേണ്ടി മാതാപിതാക്കള്‍- അടുത്ത പേജ്