ഡല്‍ഹി കൂട്ടമാനഭംഗം: പ്രതികള്‍ക്കായി അഭിഭാഷകര്‍ എത്തില്ല

ബുധന്‍, 2 ജനുവരി 2013 (19:24 IST)
PRO
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വിചാരണ വ്യാഴാഴ്ച ആരംഭിക്കും. സാകേത്‌ ജില്ലാ കോടതിയിലാണ്‌ വിചാരണ നടക്കുക. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യം ചെയ്‌ത പ്രതികള്‍ക്കായി ഹാജരാവില്ലെന്ന് അഭിഭാഷകര്‍ തീരുമാനമെടുത്തു.

സാകേത്‌ ബാര്‍ കൗണ്‍സിലില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുളള 2,500 അഭിഭാഷരാണ്‌ ഒറ്റക്കെട്ടായി തീരുമാനമെടുത്തിരിക്കുന്നത്‌.

കേസില്‍ ആറ്‌ പ്രതികളാണുളളത്‌. ഇവരില്‍ ഒരാള്‍പ്രായപൂത്തിയാവാത്തയാളാണെന്നാണ് അവകാശവാദം‌. ഇയാളെ ജ്യുവനൈല്‍ ഹോമിലും മറ്റുളളവരെ തിഹാര്‍ ജയിലിലുമാണ്‌ പാര്‍പ്പിച്ചിരിക്കുന്നത്‌. പ്രായപൂര്‍ത്തിയാവാത്തയാളെന്ന അവകാശവാദം തെളിയിക്കാന്‍ വൈദ്യപരിശോധന നടത്തും.

വിചാരണ വേളയില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കില്ല. കേസില്‍ ആയിരം പേജുളള കുറ്റപത്രമാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരിക്കുന്നത്‌. പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയെന്നാണ് സൂചന.

ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ച നടപടിയെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രശ്‌നക്കാര്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ല്‍ അവരെ നിയന്ത്രിക്കാനായിരുന്നു പോലീസ്‌ ശ്രമിക്കേണ്ടതെന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവേ കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക