ട്വിറ്റര്‍ ഉപേക്ഷിക്കില്ലെന്ന് തരൂര്‍

ശനി, 26 സെപ്‌റ്റംബര്‍ 2009 (19:22 IST)
PRO
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ തന്‍റെ സാന്നിധ്യം ഇനിയുമുണ്ടാകുമെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. ‘കന്നുകാലി ക്ലാസ്‘ ഉള്‍പ്പെടെയുള്ള തരൂറിന്‍റെ ട്വിറ്ററിലെ അഭിപ്രായങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് പ്രതികരണം. ഇന്ത്യ ടുഡേ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ആശയവിനിമയത്തിന്‍റെ നൂതനമായ രീതിയാണ് ട്വിറ്ററെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. യു‌എസ് പ്രസിഡന്‍റ് ബരാക്ക് ഒബാമ, ഹിലാരി ക്ലിന്‍റണ്‍, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ് തുടങ്ങിയവര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ടെന്നും തരൂ‍ര്‍ ചൂണ്ടിക്കാട്ടി.

ട്വിറ്ററിലെ സന്ദേശങ്ങള്‍ക്ക് ഒരു സെന്‍‌സറിംഗും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സന്ദേശങ്ങളില്‍ മിതത്വം പാലിക്കും തരൂര്‍ പറഞ്ഞു. കന്നുകാലി ക്ലാസിനെക്കുറിച്ചുള്ള തരൂറിന്‍റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ നിരാ‍ശയുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു തരൂറിന്‍റെ മറുപടി.

രാഷ്ട്രീയത്തിലെത്താന്‍ വേണ്ടി സാമ്പത്തികലാഭം തനിക്ക് ത്യജിക്കേണ്ടി വന്നതായി തരൂര്‍ വ്യക്തമാക്കി. ജോലിയും പ്രസംഗത്തിന് ഈടാക്കിയിരുന്ന ഫീസും വേണ്ടെന്ന് വെച്ചതായി ചൂണ്ടിക്കാണിച്ചായിരുന്നു തരൂറിന്‍റെ വ്യക്തമാക്കല്‍. താജിലെ താമസത്തിന് തന്‍റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് ബില്‍ അടച്ചിരുന്നതെന്ന് തരൂര്‍ വ്യക്തമാക്കി. ദുബായ് ആസ്ഥാനമായുള്ള കമ്പനിയാണ് തരൂറിന്‍റെ ഹോട്ടല്‍ ബില്‍ അടച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക