ടീസ്‌തയ്ക്ക് മുന്‍കൂര്‍ ജാമ്യം, ടീസ്‌തയെ വേട്ടയാടുന്നത് എന്തിനെന്ന് സുപ്രീംകോടതി

Webdunia
വ്യാഴം, 19 ഫെബ്രുവരി 2015 (13:02 IST)
സാമ്പത്തിക ക്രമക്കേട് കേസില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നല്‍കാന്‍ എന്നപേരില്‍ ശേഖരിച്ച ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നതാണ് ടീസ്തയ്ക്കെതിരെയുള്ള ആരോപണം. സംഭാവന നല്കിയവരുടെ വിശദാംശങ്ങള്‍ നല്കാന്‍ സുപ്രീംകോടതി ടീസ്തയ്ക്ക് നിര്‍ദ്ദേശം നല്കി.
 
അതേസമയം, ടീസ്ത സെതല്‍വാദിനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമെന്തെന്ന് സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് ചോദിച്ചു. ഇത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണോ എന്നും സുപ്രീംകോടതി ചോദിച്ചു.
 
2002ല്‍ കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായും കലാപത്തിലെ ഇരകള്‍ക്ക് നല്‍കുന്നതിനായും പിരിച്ചെടുത്ത 1.51 കോടി രൂപ തട്ടിയെടുത്തെന്നാണ് ടീസ്തയ്ക്കും ഭര്‍ത്താവിനുമെതിരെയുള്ള ആരോപണം. ഇവരുടെ ഭര്‍ത്താവ് ജാവേദ് ആനന്ദും ഈ കേസില്‍ പ്രതിയാണ്. 
 
2014 ജനുവരി അഞ്ചിനാണ് ഇവര്‍ക്കെതിരെ എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തത്.