ജമ്മു-കശ്മീരിലെ ജനനനിരക്കില്‍ പെണ്‍കുട്ടികള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി കെഡി രാജു ഡല്‍ഹിയില്‍ നടന്ന ആരോഗ്യ സെമിനാറില്‍ പങ്കെടുക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികളെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. ഹരിയാണയിലും പഞ്ചാബിലും പെണ്‍കുട്ടികളിലുണ്ടായ നേരിയ കുറവു പോലെയല്ല ഇതെന്നും പ്രശ്‌നം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നം ഗൗരവമായി എടുക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. സര്‍ക്കാറിന് മാത്രമായി ഈ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും പെണ്‍ഭ്രൂണഹത്യയുണ്ടെങ്കില്‍ അതിനെതിരെ എല്ലാ മതപുരോഹിതന്മാരും രംഗത്ത് വരണമെന്നും ഒമര്‍ അഭിപ്രായപ്പെട്ടു.
2001-ലെ സെന്‍സസില്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 964 പെണ്‍കുട്ടികളായിരുന്നു സംസ്ഥാനത്തെ ആണ്‍-പെണ്‍ അനുപാതം. എന്നാല്‍, 2011 സെന്‍സസില്‍ ഇത് ആയിരത്തിന് 862 ആയി കുറഞ്ഞു.