ഛോട്ടാരാജനെ വധിക്കാന്‍ ഷക്കീല്‍, മുംബൈയില്‍ ജാഗ്രത!

Webdunia
തിങ്കള്‍, 2 നവം‌ബര്‍ 2015 (13:56 IST)
അധോലോക രാജാവ് ഛോട്ടാരാജനെ വധിക്കുമെന്ന ഛോട്ടാ ഷക്കീലിന്‍റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ കനത്ത ജാഗ്രത. ആര്‍തര്‍ റോഡ് ജയിലിലും മുംബൈ പൊലീസ് ആസ്ഥാനത്തും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജനെ ഇന്ത്യയിലെത്തിച്ചാല്‍ ക്രോഫോര്‍ഡ് മാര്‍ക്കറ്റിനടുത്തുള്ള ആസ്ഥാനത്തായിരിക്കും താമസിപ്പിക്കുക. ഛോട്ടാഷക്കീലിന്‍റെ ഭീഷണിയെ തുടര്‍ന്ന് ഇവിടങ്ങളിലെല്ലാം വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.
 
ഛോട്ടാരാജനെ പാര്‍പ്പിക്കുന്ന സ്ഥലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗിനുള്ള സംവിധാനമൊരുക്കും. അവിടം പൂര്‍ണമായും ക്യാമറാ നിരീക്ഷണത്തിലായിരിക്കും. കോടതിയിലേക്കുള്ള തുടര്‍ച്ചയായ യാത്ര ഒഴിവാക്കാനാണ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം.
 
ഇന്തോ –‌ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനെയാണ് ഛോട്ടാരാജനെ സംരക്ഷിക്കുന്നതിനും മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കും വിന്യസിക്കുക. ഈ ബുധനാഴ്ചയോടെ രാജനെ ഇന്ത്യയിലെത്തിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ പൊലീസ് സംഘം ഇന്തോനേഷ്യയിലെ ബാലിയില്‍ ഇതിനായുള്ള ചര്‍ച്ചകളിലാണ്.
 
അതേസമയം, ഛോട്ടാരാജനെതിരായ പ്രതികാരനടപടികള്‍ അവസാനിപ്പിക്കില്ലെന്നും രാജനെ ഇല്ലാതാക്കും വരെ അത് തുടരുമെന്നുമാണ് ഛോട്ടാ ഷക്കീല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ദാവൂദ് ഇബ്രാഹിമിനെ ഉള്‍പ്പടെ ആരെയും തനിക്ക് ഭയമില്ലെന്ന് ഛോട്ടാ‍രാജനും പ്രതികരിച്ചു.