ചന്ദ്രയാന്‍ ദൌത്യം അവസാനിച്ചു

Webdunia
ശനി, 29 ഓഗസ്റ്റ് 2009 (17:19 IST)
ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേക്ഷണ ദൌത്യമായ ചന്ദ്രയാന്‍-1 അവസാനിച്ചു. ചന്ദ്രയാനുമായുള്ള റേഡിയോ വാര്‍ത്താ വിനിമയ സംവിധാനം പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷ ഇല്ലെന്ന് ഐ‌എസ്‌ആര്‍‌ഒ പ്രോജക്ട് ഡയറക്ടര്‍ എം അണ്ണാദുരൈ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 1:30 ഓടെയാണ് ചന്ദ്രയാനുമായുള്ള റേഡിയോ ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഭൂമിയില്‍ നിന്ന് ചാന്ദ്ര പേടകത്തെ നിയന്ത്രിക്കാനുള്ള എല്ലാ വഴികളും അവസാനിച്ചു. റേഡിയോ ബന്ധം പുനഃസ്ഥാപിക്കുന്നത് ശ്രമകരമാണെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. കര്‍ണാടകയിലെ ഐ‌എസ്‌ആര്‍‌ഒ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാനെ നിയന്ത്രിച്ചിരുന്നത്.

ജൂണില്‍ ചന്ദ്രയാന്‍-1 ന്റെ സ്റ്റാര്‍ സെന്‍സറുകള്‍ക്ക് തകരാര്‍ വന്നതായി ഐ‌എസ്‌ആര്‍‌ഒ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, തകരാര്‍ പരിഹരിച്ച ശേഷം ചന്ദ്രയാനെ കൂടുതല്‍ അകലത്തിലുള്ള ഒരു ഭ്രമണപഥത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ദൌത്യത്തിന് നിര്‍ദ്ദിഷ്ട രണ്ട് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്ന് ഐ‌എസ്‌ആര്‍‌ഒ വൃത്തങ്ങള്‍ സൂചന നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 22നാണ്‌ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്‌

ചന്ദ്രയാന്റെ ദൌത്യം 90 ശതമാനത്തോളം പൂര്‍ത്തിയായെന്ന് ഐ‌എസ്‌ആര്‍‌ഒ ചെയര്‍മാന്‍ സ്റ്റാര്‍ സെന്‍സറുകള്‍ക്ക് തകരാര്‍ പറ്റിയ അവസരത്തില്‍ വ്യക്തമാക്കിയിരുന്നു.

യന്ത്രമനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്ന ചന്ദ്രയാന്‍-2 പദ്ധതി 2012 ഒക്ടോബറോടെ നടപ്പിലാക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. 425 കോടി രൂപ ചെലവു വരുന്ന പദ്ധതി റഷ്യയുമായി ചേര്‍ന്നായിരിക്കും നടപ്പിലാക്കുക.