ഗുജറാത്തിനെ നയിക്കാന്‍ മോഡി പിന്‍‌ഗാമിയെ തേടുന്നു

Webdunia
വെള്ളി, 21 ജൂണ്‍ 2013 (09:19 IST)
PTI
PTI
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും മോഡി തന്നെയായിരിക്കും എന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

മോഡി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഗുജറാത്തിനെ നയിക്കുന്നത് ആരായിരിക്കും? മോഡിയെ തുടര്‍ച്ചയായി അധികാരത്തിലേറ്റിയ ഗുജറാത്തില്‍ നിന്ന് അദ്ദേഹത്തിന് പിന്‍‌ഗാമിയായി ആരെത്തും എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

ആനന്ദിബെന്‍ പട്ടേല്‍, നിതിന്‍ പട്ടേല്‍, സൌരഭ് പട്ടേല്‍, രഞ്ചോദാസ് ഫത്ദു എന്നീ പേരുകള്‍ ആണ് പ്രധാനമായും പരിഗണനയില്‍ ഉള്ളത്. 72 കാരിയായ ആനന്ദിബെന്‍ നഗരവികസനം, റവന്യൂ, പാര്‍പ്പിടം, ഗതാഗതം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. മോഡിയുടെ അടുത്ത അനുയായിയും ആണ് അവര്‍. പക്ഷേ ആരോഗ്യകാരണങ്ങള്‍ ആണ് അവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ധനവകുപ്പും ആരോഗ്യ വകുപ്പും കൈകാര്യം ചെയ്യുന്ന 58 കാരനായ നിതില്‍ പട്ടേല്‍ ആണ് മോഡിയുടെ അഭാവത്തില്‍ കാര്യങ്ങള്‍ നോക്കുന്നത്. ഈയിടെ, ആദ്യമായി മോഡി ഒരു ക്യാബിനറ്റ് യോഗത്തില്‍ ഇന്ന് വിട്ടുനിന്നപ്പോള്‍ നിതില്‍ പട്ടേല്‍ ആണ് അതിന് നേതൃത്വം നല്‍കിയത്.

വ്യവസായികളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഊര്‍ജ്ജ മന്ത്രി സൌരഭ് പട്ടേല്‍ ആണ് മറ്റൊരു പ്രധാനി. യുഎസില്‍ നിന്ന് എംബിഎ നേടിയ അദ്ദേഹത്തിന് പ്രായം 55 വയസ്സ്.

ബിജെപി അധ്യക്ഷന്‍ കൂടിയായ രഞ്ചോദാസ് ഫത്ദു കറുത്തകുതിര ആയേക്കും എന്നും രാഷ്ട്രീയലോകം വിലയിരുത്തുന്നു.