ക്ലര്‍ക്കില്‍ നിന്ന് ശതകോടീശ്വരനായി; ഒടുവില്‍ നാടകീയ അന്ത്യം

Webdunia
ബുധന്‍, 27 മാര്‍ച്ച് 2013 (11:11 IST)
PRO
PRO
കോടീശ്വരനായ വ്യവസായിയും ബിഎസ്പി നേതാവുമായ ദീപക് ഭരദ്വാജ് ഫാം ഹൌസില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് നിര്‍ണ്ണായക തെളിവ് ലഭിച്ചു. കൊലയ്ക്ക് ശേഷം അക്രമികള്‍ കാറില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലയ്ക്ക് ശേഷം ഫാം ഹൌസില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഗാര്‍ഡുകള്‍ക്ക് നേരെ തോക്കുചൂണ്ടി, തുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ടു.

ദക്ഷിണ ഡല്‍ഹിയിലെ ഫാം ഹൌസില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതേകാലോടെയാണ് അക്രമികള്‍ എത്തിയത്. ഒരു പരിപാടിക്ക് ഫാംഹൌസ് ബുക്ക് ചെയ്യാന്‍ എന്ന പേരില്‍ എത്തിയാണ് അവര്‍ ഭരദ്വാജിനെ വടിവച്ചുകൊന്നത്. ഇവര്‍ എത്തിയ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

2009 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയായിരുന്നു ഭരദ്വാജ്. 600 കോടി രൂപയായിരുന്നു ആസ്തിയാണ് അന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

ഹരിയാനയിലെ സോനപേട്ടില്‍ ഒരു സാധാരണ മരപ്പണിക്കാരന്റെ മകനായാണ് ഭരദ്വാജ് ജനിച്ചത്. ദേവി സിംഗ് എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ബികോം ഡിഗ്രി നേടിയ ഭരദ്വാജ് ഡല്‍ഹി തിസ് ഹസാരി കോടതിയില്‍ ക്ലാര്‍ക്കായാണ് ജീവിതം തുടങ്ങിയത്. ജോലിക്കൊപ്പം പാര്‍ട്ട് ടൈമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ തുടങ്ങിയതോടെയാണ് ഇയാള്‍ ധനികനായി തുടങ്ങിയത്. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ആസ്തി വെളിപ്പെടുത്തിയതോടെ ഭരദ്വാജ് രാജ്യശ്രദ്ധ നേടി.

ബിസിനസ്സിലെ ശത്രുതയാവാം കൊലയ്ക്ക് കാരണം എന്നാണ് കരുതപ്പെടുന്നത്.