കെജ്‌രിവാളിനോട് ലാലി മാപ്പ് പറഞ്ഞു

Webdunia
ബുധന്‍, 9 ഏപ്രില്‍ 2014 (13:07 IST)
PRO
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ മുഖത്തടിച്ച ഓട്ടോ ഡ്രൈവറെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ കിരാരിയിലുള്ള ലാലിയെയാണ് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമെത്തി കെജ്‌രിവാള്‍ സന്ദര്‍ശിച്ചത്.

മുഖത്തടിച്ചതില്‍ ലാലി കെജ്‌രിവാളിനോട് മാപ്പു പറഞ്ഞതായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഡല്‍ഹിയിലെ പാര്‍ട്ടി സ്ഥാനാര്‍ഥി രാഖി ബിര്‍ളയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെ സുല്‍ത്താന്‍പുരില്‍ വച്ച് ലാലി പൂമാല ചാര്‍ത്തിശേഷം കെജ്‌രിവാളിന്റെ മുഖത്തടിച്ചത്.

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ ക്ഷുഭിതനായാണ് കെജ്‌രിവാളിനെ അടിച്ചതെന്ന് പറഞ്ഞിരുന്നു. ലാലിയെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.