കൂടംകുളം ആണവനിലയത്തിലെ സമരക്കാര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൂടംകുളം ആണവനിലയം സംബന്ധിച്ച കേസ് പരിഗണിക്കവേ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ കേസുകളും പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതില്‍ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. സ്വകാര്യ വ്യക്തികള്‍ക്കെതിരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടത്തിയ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ പിന്‍വലിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൂടംകുളം സമരനേതാക്കന്മാരില്‍ നല്ലൊരു ശതമാനവും ആം ആദ്മി പാര്‍ട്ടിയില്‍ അംഗങ്ങളായിരുന്നു.
കൂടംകുളം സമരനേതാവ് ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമാണ്. ഉദയകുമാര്‍ ഉള്‍പ്പെടെയുള്ള സമരനേതാക്കന്മാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മുഴുവന്‍ കേസുകളും പിന്‍വലിച്ചാല്‍ നിയമവാഴ്ചയോടുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതേസമയം ജയലളിത സര്‍ക്കാര്‍ സമരസമിതി അംഗങ്ങളോട് വിവേചനമാണ് കാണിക്കുന്നതെന്ന് ഉദയകുമാര്‍ ഉള്‍പ്പെടെയുള്ള സമരസമിതി നേതാക്കന്മാര്‍ ആരോപിച്ചു.