കലാവതി തെരഞ്ഞെടുപ്പിനില്ല

ശനി, 26 സെപ്‌റ്റംബര്‍ 2009 (16:47 IST)
ഇന്ത്യന്‍ ഗ്രാമീണതയുടെ ദയനീയ മുഖം എന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വിശേഷിപ്പിച്ച വിധവ കലാവതി ഭണ്ഡാര്‍കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍‌മാറി. കലാവതിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അവരെ മാറ്റാന്‍ തീരുമാനിച്ചതെന്ന് വിദര്‍ഭ ജന്‍‌ആന്ദോളന്‍ സമിതി അറിയിച്ചു.

കലാവതിക്ക് പകരം മറ്റൊരാളെ നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കലാവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആംബുലന്‍സിലാണ് ഇവര്‍ പത്രിക സമര്‍പ്പിക്കാനെത്തിയിരുന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വാനി മണ്ഡലത്തില്‍ നിന്നാണ് കലാവതി ജനവിധി തേടാനൊരുങ്ങിയത്.

കലാവതിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ പത്രിക പിന്‍‌വലിക്കാന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഇവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി വിദര്‍ഭ ജന്‍‌ആന്ദോളന്‍ സമിതി ചൂണ്ടിക്കാട്ടി. കൃഷിനാശത്തെ തുടര്‍ന്ന് കടക്കെണിയില്‍ പെട്ട് വിദര്‍ഭയില്‍ ജീവന്‍ ഒടുക്കിയ കര്‍ഷകരില്‍ ഒരാളുടെ ഭാര്യയാണ് കലാവതി. വിദര്‍ഭയിലെ ജല്‍ക്ക ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്.

2008 മെയില്‍ രാഹുല്‍ ഗാന്ധി കലാവതിയുടെ വീട്ടില്‍ ഒരു ദിവസം തങ്ങിയിരുന്നു. ഇതേക്കുറിച്ച് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ കലാവതിയെ ഇന്ത്യന്‍ ഗ്രാമീണതയുടെ ദയനീയ മുഖം എന്ന് വിശേഷിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക