കമല്‍ മുസ്ലിം സമൂഹത്തോട് ആദരവുള്ളയാള്‍: രജനീകാന്ത്

വെള്ളി, 25 ജനുവരി 2013 (14:30 IST)
PTI
PTI
‘വിശ്വരൂപം’ എന്ന ചിത്രത്തിനെതിരെ മുസ്ലിം സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ കമലഹാസന് പിന്തുണയുമായി രജനീകാന്ത്. നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് രജനി പറഞ്ഞു.

വിശ്വരൂപം വിവാ‍ദത്തിപ്പെട്ടതില്‍ ദുഃഖമുണ്ട്. 40 വര്‍ഷമായി കമലഹാസനെ അടുത്തറിയാം. ആരെയും വേദനിപ്പിക്കുന്ന ആളല്ല അദ്ദേഹം. മുസ്ലിം സമൂഹത്തോട് ആദരവുള്ള ആളാണ് അദ്ദേഹം. റിലീസിന് മുമ്പ് തന്നെ ചിത്രം മുസ്ലിം നേതാക്കളെ കാണിക്കാന്‍ കമലഹാസന്‍ തയ്യാറായതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്.

മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ചിത്രം രണ്ടാഴ്ചത്തേക്ക് നിരോധിച്ചിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ചിത്രം കണ്ട ശേഷം നിരോധനം നീക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

തമിഴ്നാടിന് പുറമെ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും ചിത്രത്തിന് നിരോധനമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും പ്രദര്‍ശനമില്ല. എന്നാല്‍ ഭീഷണികള്‍ക്കിടെ കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി.

വെബ്ദുനിയ വായിക്കുക