കന്യാസ്ത്രീ മാനഭംഗത്തിനിരയായ സംഭവം: ബംഗാള്‍ സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ബുധന്‍, 18 മാര്‍ച്ച് 2015 (11:46 IST)
കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. പശ്‌ചിമ ബംഗാളിലെ റാണാഘട്ടില്‍ ക്രിസ്‌ത്യന്‍ മിഷണറീസ് സ്‌കൂള്‍ കവര്‍ച്ച ചെയ്യുകയും 72കാരിയായ കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്‌ത സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനസര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്.
 
ഇതിനിടെ, വിഷയത്തെക്കുറിച്ച് പ്രസ്താവന നടത്താന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ലോക്സഭയില്‍ അറിയിച്ചു. പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി സംഭവവുമായി ബന്ധപ്പെട്ടുള്ള വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു.
 
അതേസമയം, സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. രാജ്യസഭയില്‍ വിഷയം ചര്‍ച്ചയായപ്പോള്‍ ആയിരുന്നു കേന്ദ്രം നിലപാട് അറിയിച്ചത്. സി പി ഐ അംഗം ഡി രാജ ആയിരുന്നു വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
 
ഇതിനിടെ, കോണ്‍വെന്റില്‍ അതിക്രമിച്ചു കയറി വൃദ്ധയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പശ്ചിമബംഗാളിനോട് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക