കന്നുകാലി ക്ലാസ് പ്രയോഗം: തരൂര്‍ മാപ്പ് പറഞ്ഞു

വെള്ളി, 18 സെപ്‌റ്റംബര്‍ 2009 (09:43 IST)
PRO
ഇക്കണോമി ക്ലാസിലെ യാത്രയെ കന്നുകാലി ക്ലാസ് എന്ന് വിശേഷിപ്പിച്ചത് വിവാദമായതിനെ തുടര്‍ന്ന് പ്രയോഗം കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ മാപ്പ് പറഞ്ഞു. സാമൂഹിക വെബ്സൈറ്റായ ട്വിറ്ററിലൂടെ തന്നെയാണ് തരൂര്‍ മാപ്പ് പറഞ്ഞത്.

തന്‍റെ പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായി മന്ത്രി പറഞ്ഞു. ലൈബീരിയന്‍ സന്ദര്‍ശനത്തിലുള്ള മന്ത്രി വ്യാഴാഴ്ചയാണ് മാപ്പ് ട്വിറ്ററില്‍ മാപ്പ് രേഖപ്പെടുത്തിയത്. തന്‍റെ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ താനുദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ട്വിറ്ററില്‍ ഒരു പ്രതികരണത്തിനുള്ള മറുപടിയിലാണ് തരൂര്‍ ‘കന്നുകാലി ക്ലാസ്’ പ്രയോഗം നടത്തിയത്. താങ്കളുടെ അടുത്ത കേരള യാത്ര ‘കന്നുകാലി ക്ലാസില്‍ ആയിരിക്കുമോ’? എന്ന ചോദ്യത്തിനാണ് തരൂര്‍ അതേനാണയത്തില്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു- തീര്‍ച്ചയായും, മറ്റ് വിശുദ്ധ ഗോക്കള്‍ക്ക് പിന്തുണ നല്‍കി കന്നുകാലി ക്ലാസില്‍ തന്നെയായിരിക്കും.

തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി സോണിയാ ഗാന്ധി അടക്കമുള്ളവര്‍ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത് മാതൃക കാട്ടിയപ്പോഴായിരുന്നു തരൂരിന്‍റെ പ്രസ്താവന. തരൂരിന്റെ മറുപടി കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ല എന്നും ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ സ്വീകരിക്കാനാവില്ല എന്നുമാണ് പാര്‍ട്ടി വക്താവ് ജയന്തി നടരാജന്‍ പ്രതികരിച്ചത്.

വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയും സഹമന്ത്രി ശശി തരൂരും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ സ്ഥിരതാമസമാക്കിയത് അടുത്തിടെ വിവാദമായിരുന്നു. ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പിന്നീട് സര്‍ക്കാര്‍ ബംഗ്ലാവുകളിലേക്ക് താമസം മാറ്റിയത്.

വെബ്ദുനിയ വായിക്കുക