മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ രണ്ടാമത്തെ മകന്‍ സഞ്ജയ് ഗാന്ധിയെ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി എതിര്‍ത്തിരുന്നതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പ്രസിഡന്റായി ആന്റണി ചുമതലവഹിച്ച കാലത്തെ രേഖകള്‍ ആണ് വിക്കിലീക്സ് പുറത്തുവിട്ടത്.
ആന്‍റണിയുടെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് വിഭാഗം സഞ്ജയ് ഗാന്ധിയെ ശക്തമായി എതിര്‍ത്തിരുന്നു. സഞ്ജയുടെ നയങ്ങളെ എതിര്‍ത്ത ആന്റണി വിഭാഗം അദ്ദേഹം പാര്‍ട്ടിയ്ക്ക് വേണ്ടി എന്തു ചെയ്തു എന്ന ചോദ്യം ഉന്നയിച്ചിട്ടുമുണ്ട്. ഈ എതിര്‍പ്പുകള്‍ കാരണം സഞ്ജയ് ഗാന്ധിയ്ക്ക് കേരള സന്ദര്‍ശനം ഉപേക്ഷിക്കേണ്ടിവന്നു.
കേരളത്തില്‍ ജനപ്രീതി ഉണ്ടാക്കാന്‍ സഞ്ജയ്ക്കു സാധിച്ചിട്ടില്ല. അന്ന് കോണ്‍ഗ്രസിനൊപ്പമായിരുന്ന സിപിഐയും സഞ്ജയ് ഗാന്ധിയോട് കടുത്ത അനിഷ്ടം പ്രകടിപ്പിച്ചു. കേരളത്തില്‍ കെ കരുണാകരന്‍ മാത്രമാണ് സഞ്ജയ് ഗാന്ധിയെ അനുകൂലിച്ചിരുന്നത്. ബംഗാളിള്‍ നിന്നുള്ള നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയും സഞ്ജയിനെ ശക്തമായി എതിര്‍ത്തു.
മറ്റ് സംസ്ഥാനങ്ങളിലെ യൂത്ത് കോണ്‍ഗ്രസിനേക്കാള്‍ മൗലികവാദികളായിരുന്നു കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് എന്നും വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ പറയുന്നു.