അഴിമതിയിലും കൈക്കൂലിയിലും മുങ്ങിക്കുളിച്ച ഉത്തര്‍ പ്രദേശിലെ പൊലീസ് സംവിധാനത്തെ നാണം കെടുത്തുന്ന സംഭവമാണിത്. രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്ത അമ്മയുടെ മരണ കാരണം അറിയണമെന്ന ആവശ്യവുമായാണ് അഞ്ചു വയസുകാരി പൊലീസ് ആസ്ഥാനത്തെത്തിയത്. അതിനായി തന്റെ കൈവശമുള്ള പണക്കുടുക്കയിലെ മുഴുവന്‍ സമ്പാദ്യവും കൈമാറാം എന്നും കുട്ടി പൊലീസിനോട് പറഞ്ഞു.
തന്റെ അമ്മയുടെ മരണ കാരണം ഒന്ന് കണ്ടെത്തുമോ? എന്ന അഞ്ചു വയസുകാരിയുടെ മനസാക്ഷിയെ നടുക്കുന്ന ഈ ചോദ്യം ഇപ്പോള്‍ രാജ്യം മുഴുവന്‍ അലയടിക്കുകയാണ്. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയായ മാന്‍വിയാണ് അമ്മയുടെ മരണ കാരണം തേടി പൊലീസ് ആസ്ഥാനത്തെത്തിയത്.