എന്തും നേരിടാന്‍ സൈന്യം സുസജ്ജമെന്ന് കരസേനാ മേധാവി

Webdunia
ചൊവ്വ, 15 ജനുവരി 2013 (17:16 IST)
PTI
PTI
എതു തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമാണെന്ന്‌ കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ്‌. കരസേനയുടെ അറുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഗേറ്റിനു സമീപം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈന്യം എല്ലായ്പ്പോഴും രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്നിട്ടുണ്ട്. അഭിമാനത്തോടെ ഇക്കാര്യം പറയാനാകും.രാജ്യത്തിന്റെ സുരക്ഷയ്ക്കായി എന്തു ത്യാഗം സഹിക്കാനും സൈന്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതില്‍ സൈന്യം വലിയ പങ്കാണ്‌ വഹിക്കുന്നത്‌. രാജ്യത്തിന്റെ മൂല്യബോധത്തോട്‌ സൈന്യത്തിന്‌ കടപ്പാടുണ്ടെന്നും മനുഷ്യാവകാശ സംരക്ഷണത്തില്‍ ലോകത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന ചരിത്രമാണ്‌ ഇന്ത്യന്‍ സൈന്യത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഇന്ത്യന്‍ സേന വെല്ലുവിളികള്‍ നേരിടുന്നുണ്ട്‌. ശത്രുക്കളെ പരാജയപ്പെടുത്താന്‍ എപ്പോഴും തയാറാണ്‌. കഴിവും കാര്യക്ഷമതയും മികവുറ്റതാക്കാന്‍ കഠിനപ്രയത്നമാണ്‌ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.