എനിക്ക് വധഭീഷണിയുണ്ട്, സംരക്ഷണം വേണം: സഞ്ജയ് ജോഷി

Webdunia
ചൊവ്വ, 10 ജൂലൈ 2012 (18:38 IST)
PRO
PRO
തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും കാണിച്ച് മുന്‍ ബിജെപി നേതാവ് സഞ്ജയ് ജോഷി കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരത്തിന് കത്തയച്ചു. കേന്ദ്രത്തില്‍ നിന്നും ഡല്‍ഹി പൊലീസില്‍ നിന്നും സംരക്ഷണം വേണം എന്നാണ് ആര്‍എസ്എസ് വളണ്ടിയര്‍ ആയ സഞ്ജയ് ജോഷി ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് സഞ്ജയ് ജോഷി ബിജെപി വിട്ടത്.

ജൂണ്‍ ആദ്യവാരം മുതല്‍ തനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നാണ് സഞ്ജയ് ജോഷി പറയുന്നത്. ഭീഷണി വന്ന മൂന്ന് മൊബൈല്‍ നമ്പറുകളും അദ്ദേഹം കൈമാറിയിട്ടുണ്ട്. റസൂല്‍ ഖാന്‍ എന്നൊരാളുടെ ഭീഷണിക്കത്തും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

തന്റെ ജോലിയുടെ സ്വഭാ‍വം അനുസരിച്ച് രാജ്യം മുഴുവന്‍ യാത്ര ചെയ്യേണ്ടിവരുമെന്നും അതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തണം എന്നുമാണ് സഞ്ജയ് ജോഷി ആവശ്യപ്പെടുന്നത്.