ഉത്തരാഖണ്ഡില്‍ പ്രതിസന്ധി തുടരുന്നു; ജാഗ്രതയോടെ കോൺഗ്രസും ബി ജെ പിയും

Webdunia
വെള്ളി, 1 ഏപ്രില്‍ 2016 (11:31 IST)
ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് ഹൈക്കോടതി ഇടപെട്ട് സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതിസന്ധിയിലായത് ഭരണപക്ഷമായ കോണ്‍ഗ്രസും ബി ജെ പിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവുമാണ്. കോടതിയുടെ ഭാഗത്തു നിന്ന് ഇത്തരംമൊരു നീക്കം ഇരു കക്ഷികളും പ്രതീക്ഷിച്ചിരുന്നില്ല. ഏപ്രിൽ ഏഴുവരെയാണ് വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്തത്. എം എല്‍ എമാരുടെ കൂറുമാറ്റമാണ് ഇരുപാര്‍ട്ടികളും പ്രധാനമായും പേടിക്കുന്നത്. ബി ജെ പിയെ സബന്ധിച്ച് നിലവില്‍ അങ്ങനെ ഒരു പ്രശ്നം നിലനില്‍ക്കുന്നില്ലെങ്കിലും കോണ്‍ഗ്രസ് വിമത എം എല്‍ എമാര്‍ തിരിച്ചു പോകാതെ കൂടെ നിര്‍ത്തേണ്ടത് നില്‍നില്‍പ്പിന്റെ പ്രശ്നമാണ്.
 
ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണു വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്തത്. ഇരുപാര്‍ട്ടികളുടേയും ദേശീയനേതാക്കള്‍ ഡറാഡൂണില്‍ എത്തി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസ് നേതാക്കളായ അംബിക സോണി, സഞ്ജയ് കപൂർ, ബി ജെ പിയുടെ ശ്യാം ജാജു തുടങ്ങിയവര്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
 
ബി ജെ പിയുടെ ശ്യാം ജാജുവും സംഘവും വിമത എം എൽ എമാർക്കൊപ്പം നഗരത്തിനു പുറത്തു രഹസ്യകേന്ദ്രത്തിലാണിപ്പോഴും. ബി ജെ പിക്ക് നിലവില്‍ 27 അംഗങ്ങളാണ് ഉള്ളത്. ഒൻപതു കോൺഗ്രസ് വിമതർ കൂടി ചേരുമ്പോൾ കേവലഭൂരിപക്ഷമായ 36 ആകും. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു വിമത എം എൽ എമാർ നൽകിയ ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി ഇന്നു പരിഗണിക്കും.