ഗുജറാത്തില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രത് ജഹാൻ ലഷ്കർ ഭീകരവാദിയെന്ന മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോൾമാൻ ഹെഡ്‍ലി. ലഷ്കർ നേതാവ് സാക്കിയൂർ റഹ്‍മാൻ ലഖ്‍വിയാണ് ഇസ്രതിനെക്കുറി തന്നോട് പറഞ്ഞതെന്നും ഹെഡ്‌ലി മൊഴി നല്‍കി. മാധ്യമങ്ങളിലൂടെ അതിന് മുന്‍പും ഇസ്രതിനേക്കുറിച്ച് അറിഞ്ഞിരുന്നെന്നും ഹെഡ്‌ലി പറഞ്ഞു.
ഇസ്രത്ത് ജഹാനെ നേരിട്ട് അറിയില്ല.
ലഷ്കറെ തൊയ്ബയുടെ വനിതാ വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും അബു ഐമാന്റെ മാതാവിനാണു അതിന്റെ ചുമതലയെന്നും എൻ ഐ എയോട് നേരത്തെ പറഞ്ഞിരുന്നതായും ഹെഹ്‍ലി മൊഴി നൽകി. അതേസമയം, എൻ ഐ എ രേഖപ്പെടുത്തിയ മൊഴികളിൽ തന്നെ വായിച്ചു കേള്‍പ്പിച്ചില്ലെന്നും അതുകൊണ്ടുതന്നെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ഹെഡ്‍ലി പറഞ്ഞു.
ലഷ്കറിന്റെ ഉയർന്ന കമാൻഡർ എന്ന നിലയിലാണ് ഹെഡ്‍ലിയെ 2006 ൽ സാക്കിയൂർ റഹ്മാൻ ലഖ്‍വി, മുസാമിൽ ഭട്ടിനു പരിചയപ്പെടുത്തിയതെന്ന എൻ ഐ എ രേഖപ്പെടുത്തിയിരിക്കുന്ന മൊഴി
താന്‍ നല്‍കിയതല്ലെന്നും ഹെഡ്‌ലി വ്യക്തമാക്കി. എൻ ഐ എ രേഖപ്പെടുത്തിയ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് ഹെഡ്‍ലി പറയുന്നത് ഇത് ആദ്യമായാണ്.