ആന്ധ്രയില്‍ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു

Webdunia
ബുധന്‍, 9 ഏപ്രില്‍ 2014 (13:14 IST)
PRO
PRO
ജലാരിപേട്ടയില്‍ നഗരത്തിനടുത്ത് മാനസിക വൈകല്യമുള്ള 35കാരി യാചകയെ മൂന്നുയുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ഒരാള്‍ പൊലീസിന്റെ പിടിയില്‍‌ പെടാതെ രക്ഷപ്പെട്ടു.

നേവല്‍ കാന്റീനിനു മുന്നിലുള്ള ഫുട്പാത്തില്‍ യാചകവൃത്തി നടത്തുന്ന യുവതിയാണ് ക്രൂര പീഡനത്തിനിരയായത്. രാത്രിയില്‍ ഇവര്‍ കിടന്നുറങ്ങുന്നതും ഇവിടെത്തന്നെയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥലത്തെത്തിയ പ്രതികള്‍ ഇവിടെ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ബലാത്സംഗത്തിനു വിധേയയാക്കുകയായിരുന്നു.

അടുത്തുള്ള സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയതാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. ഓട്ടോ ഡ്രൈവര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിലാക്കി. അപ്പോഴേക്കും യുവതി അവശനിലയിലായിരുന്നു.

ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കിയ വിവരങ്ങളാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. യുവതിയുടെ വൈദ്യപരിശോധനാ ഫലം വരുന്ന മുറയ്ക്ക് പ്രതികള്‍ക്കു മേല്‍ കുറ്റം ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.