ആദര്‍ശ് അഴിമതി: സിബിഐ റെയ്ഡ് നടത്തുന്നു

Webdunia
ഞായര്‍, 30 ജനുവരി 2011 (12:17 IST)
PRO
ആദര്‍ശ് ഫ്ലാറ്റ് അഴിമതി കേസില്‍ കുറ്റാരോപിതരായവരുടെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തുന്നു. കഴിഞ്ഞ ദിവസം എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്ത എം‌എം വാഞ്ചു, ഹൌസിംഗ് സൊസൈറ്റി പ്രസിഡന്റ് ആര്‍ സി ഠാക്കൂര്‍, കോണ്‍ഗ്രസിന്റെ മുന്‍ സാമാജികന്‍ കെ‌എല്‍ ഗിദ്വാനി എന്നിവരുടെ മുംബൈ, പൂനെ, നാഗ്‌പൂര്‍, പട്ന എന്നിവിടങ്ങളിലുള്ള വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്.

ഇതിനു പുറമെ, മുംബൈയിലെ ആദര്‍ശ് ഹൌസിംഗ് സൊസൈറ്റി കെട്ടിടത്തിലും ഓഫീസുകളിലും റെയ്ഡ് നടത്തുന്നുണ്ട്.

ആദര്‍ശ് അഴിമതി കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ ശനിയാഴ്ചയാണ് സിബിഐ എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചതിനു പിന്നാലെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കാര്‍ഗില്‍ രക്തസാക്ഷികളുടെ ബന്ധുക്കള്‍ക്കും വിധവകള്‍ക്കുമായി നിര്‍മ്മിച്ചതായിരുന്നു ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം. എന്നാല്‍, നാല്‍പ്പത് ശതമാനം ഫ്ലാറ്റുകള്‍ പൊതു ജനങ്ങള്‍ക്ക് നല്‍കാമെന്ന് അശോക് ചവാന്‍ ശുപാര്‍ശ ചെയ്തു. ഇത്തരത്തിലുള്ള ഭേദഗതികളിലൂടെ അനര്‍ഹരായ പലരും ആദര്‍ശ് സമുച്ചയത്തില്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കിയിരുന്നു. കേസില്‍, മുതിര്‍ന്ന അഞ്ച് മുന്‍ സൈനിക ഓഫീസര്‍മാരും പ്രതികളാണ്.