ആക്രമണത്തിന് ക്ഷമാപണം

Webdunia
ചൊവ്വ, 15 ഏപ്രില്‍ 2014 (12:15 IST)
PTI
ഛത്തീസ്ഗഡിലെ ബിജാപൂര്‍, ബസ്തര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 9 സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാവോയിസ്റ്റുകള്‍ മാപ്പ് പറഞ്ഞു.

സുരക്ഷാ ഭടന്‍മാരാണെന്ന് തെറ്റിദ്ധരിച്ചാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ ആക്രമണം നടത്തിയതെന്ന് മാവോയിസ്റ്റ് വക്താവ് ഗുഡ്‌സാ ഉസേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പദ്ധതിയിലുണ്ടായ അശ്രദ്ധ മൂലമാണ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി പോരാളികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണം നടത്തിയത്.

സാധാരണക്കാര്‍ക്ക് ജീവഹാനി സംഭവിച്ചതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു. മാപ്പ് പറഞ്ഞതുകൊണ്ട് മരിച്ചു പോയവരെ തിരിച്ച് കൊണ്ടുവരാന്‍ കഴിയില്ലെന്നറിയാം. എന്നാല്‍ അവര്‍ തങ്ങളുടെ ശത്രുക്കളല്ലെന്ന് വ്യക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പത്രക്കുറുപ്പില്‍ പറയുന്നു.

ഏപ്രില്‍ 10ന് ബസ്തറില്‍ നടന്ന വോട്ടെടുപ്പിന് ശേഷം മടങ്ങുകയായിരുന്ന സുരക്ഷാസേനയെ ലക്ഷ്യം വെച്ച് മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 5 സിആര്‍പിഎഫ് ജവാന്‍മാരുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു്.