അമേഠിയില്‍ തന്നെ വധിക്കും: കുമാര്‍ വിശ്വാസ്

Webdunia
വെള്ളി, 18 ഏപ്രില്‍ 2014 (12:38 IST)
PTI
അമേഠിയില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് ആം ആദ്മി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസ്. കുമാര്‍ വിശ്വാസിനെ കൊല്ലുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിയങ്കാ ഗാന്ധിയോട് പറയുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.

അമേഠിയിലെ പ്രചരണത്തിനിടെ വിനോദ് മിശ്ര എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുമാര്‍ വിശ്വാസിനെ കൊല്ലുമെന്ന വിവാദ പരാമര്‍ശം നടത്തിയത്. കുമാര്‍ വിശ്വാസും എഎപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപദ്രവിക്കുന്നുവെന്നും ഇതിനെതിരെ പാര്‍ട്ടി പ്രതികരിച്ചില്ലെങ്കില്‍ കുമാര്‍ വിശ്വാസിനെ വെടിവെച്ച് കൊല്ലുമെന്നും ആയിരുന്നു വിനോദ് മിശ്ര പ്രിയങ്ക ഗാന്ധിയോട് പറഞ്ഞത്.

എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്നും തന്നെ ഗസ്റ്റ് ഹൗസില്‍ വന്ന് സന്ദര്‍ശിക്കണമെന്നുമായിരുന്നു വീഡിയോ ദൃശ്യത്തില്‍ പ്രിയങ്കയുടെ പ്രതികരണം. തന്നെ വധിക്കാന്‍ ഗൂഢാലോചനയുണ്ടെന്നതിന് തെളിവാണ് വീഡിയോയെന്ന് കുമാര്‍ വിശ്വാസ് ആരോപിക്കുന്നു.

പാര്‍ട്ടി പ്രവര്‍ത്തകനെ തടയുന്നതിന് പകരം പ്രിയങ്ക അയാളെ കൂടിക്കാഴ്ച്ചക്കായി ക്ഷണിക്കുകയാണ് ചെയ്തതെന്നും കുമാര്‍ വിശ്വാസ് ആരോപിച്ചു.