നടിയും ഡിഎംകെ നേതാവുമായ ഖുശ്ബുവിന്റെ വസതിയ്ക്ക് നേരെ ആക്രമണം. വ്യാഴാഴ്ച ഉച്ചയോടെയാണ് 15 ഓളം പേര്‍ അടങ്ങുന്ന സംഘം ആക്രമം അഴിച്ചുവിട്ടത്. ഖുശ്ബുവിന്റെ പാര്‍ട്ടിയായ ഡിഎംകെയിലെ പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് കരുതപ്പെടുന്നത്. ഖുശ്ബു ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രതിഷേധിച്ചാണ് ആക്രമണം എന്നാണ് വിവരം.
സംഭവം നടക്കുമ്പോള്‍ ഖുശ്ബു ഇവിടെ ഉണ്ടായിരുന്നില്ല. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു അവര്‍. വീടിന്റെ ജനാലകള്‍ അക്രമിസംഘം അടിച്ചു തകര്‍ത്തു.
തന്റെ മകന്‍ സ്റ്റാലിന്‍ ആയിരിക്കും തന്റെ പിന്‍ഗാമിയായി പാര്‍ട്ടിയെ നയിക്കുക എന്ന് ഡിഎംകെ തലവന്‍ എം കരുണാനിധി ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഖുശ്ബു നടത്തിയ അഭിപ്രായപ്രകടങ്ങള്‍ ആണ് വിവാദമായത്. ജനാധിപത്യരീതിയില്‍ പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ തെരഞ്ഞെടുത്താല്‍ മാത്രമേ സ്റ്റാലിന് ആ സ്ഥാനത്തേക്ക് വരാന്‍ സാധിക്കൂ എന്നായിരുന്നു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഖുശ്ബുവിന്റെ പ്രതികരണം. പ്രവര്‍ത്തകര്‍ ഖുശ്ബുവിന് നേരെ തിരിയാന്‍ ഇതാണ് കാരണം എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന വാദം ഡിഎംകെ നിഷേധിച്ചു.
പിന്‍ഗാമി ആരെന്നതിനെച്ചൊല്ലി സ്റ്റാലിനും മൂത്ത സഹോദരന്‍ എം കെ അഴഗിരിയും തമ്മില്‍ നാളുകളായി പോരിലാണ്. ഇതിന്റെ പേരില്‍ ഇരുവരുടെയും അനുയായികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്.